കൊടുങ്ങല്ലൂര്‍: 12-ാമത് ഹാര്‍മണി അന്തര്‍ദേശീയ സംഗീത-നൃത്ത മതസൗഹാര്‍ദ്ദ കലാമേള ജനുവരി 16 മുതല്‍ 18വരെ അഴിക്കോട് മാര്‍ത്തോമാ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കും. ജനുവരി 16ന് വൈകുന്നേരം ആറിന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. റിട്ടയേര്‍ഡ് ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്്റ്റീസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂകാടന്‍ അധ്യക്ഷത വഹിക്കും.സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ ആന്റോ ജാര്‍ജ്, തൃശൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപാടത്ത്, എറിയാട് പഞ്ചായത്ത് മെമ്പര്‍ പ്രസീന റാഫി, സിഎംഐ തൃശൂര്‍ ദേവമാതാ പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

രണ്ടാം ദിവസമായ ജനുവരി 17 ശനിയാഴ്ച്ച രാവിലെ 11.30 ന് നൃത്താര്‍ച്ചന, വൈകുന്നേരം 5.30ന് പ്രദേശീക പരിപാടികള്‍, 6.30ന് മതസൗഹാര്‍ദ സമ്മേളനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥികളായി ശ്രീമദ് സായി ബ്രഹ്മസ്വരൂപാനന്ദ തീര്‍ത്ഥ, കെ. റിയാസ് മൗലവി , റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 7.30 ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് , ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.

മൂന്നാം ദിവസമായ ജനുവരി 18, ഞായറാഴ്ച സമാപന സമ്മേളനവും അവാര്‍ഡ് ദാനവും നടക്കും. ഈ വര്‍ഷത്തെ ഹാര്‍മണി അന്തര്‍ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് സുപ്രസിദ്ധ പിന്നണി ഗായകന്‍ കെ ജി മാര്‍ക്കോസ് ആണ്. വൈകുന്നേരം 6.30 ന് നടക്കുന്ന സമാപനസമ്മേളനം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കൈപ്പമംഗലം എംഎല്‍എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. പിന്നണിഗായകന്‍ കെ.ജി മാര്‍ക്കോസ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ വെച്ച് കെ.ജി മാര്‍ക്കോസിന് അവാര്‍ഡ് സമ്മാനിക്കും. എറിനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജന്‍, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഷമീം കുഞ്ഞുമുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേരും.
ചടങ്ങിനോട് അനുബന്ധിച്ച് കെ.ജി മാര്‍ക്കോസ് ,വിദ്യാധരന്‍ മാസ്റ്റര്‍ പിന്നണി നായിക റീന മുരളി,റവ.ഡോ പോള്‍ പൂവത്തിങ്കല്‍, ഷാാജു മംഗലന്‍, രാജീവ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടത്തും.
Harmony International Music, Dance, Religious Harmony Arts Festival to be held from January 16th to 18th at Marthoma Pilgrimage Center, Azhikode













