ഒരിഞ്ച് പിന്നോട്ടില്ലെന്ന് ട്രംപ് ഭരണകൂടം, മിനിയാപൊളിസിൽ കൂടുതൽ ഫെഡറൽ സേന; നഗരം കടുത്ത സംഘർഷത്തിൽ

ഒരിഞ്ച് പിന്നോട്ടില്ലെന്ന് ട്രംപ് ഭരണകൂടം, മിനിയാപൊളിസിൽ കൂടുതൽ ഫെഡറൽ സേന; നഗരം കടുത്ത സംഘർഷത്തിൽ

മിനിയാപൊളിസ്: ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് റെനി ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ മിനിയാപൊളിസിൽ സ്ഥിതിഗതികൾ വഷളാകുന്നു. പ്രാദേശിക ഭരണകൂടവും ഫെഡറൽ സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നൂറുകണക്കിന് പുതിയ ബോർഡർ പട്രോൾ ഉദ്യോഗസ്ഥരെ കൂടി നഗരത്തിലേക്ക് അയച്ചതായി ക്രിസ്റ്റി നോം അറിയിച്ചു. നിലവിൽ 2,400-ലധികം ഫെഡറൽ ഏജന്റുമാരാണ് ഇരട്ട നഗരങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രാദേശിക പോലീസ് സേനയുടെ ഇരട്ടിയിലധികം വരും. ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് കൂടുതൽ സേനയെ അയക്കുന്നതെന്നാണ് നോമിന്റെ വാദം.

ഇതിനിടെ റെനി ഗുഡിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റെനി ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഫെഡറൽ ഏജൻസികൾ അവകാശപ്പെടുമ്പോൾ, അവർ വാഹനമോടിച്ചു പോകാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതായി പ്രാദേശിക നേതാക്കൾ വാദിക്കുന്നു. ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും ഫെഡറൽ ഏജന്റുമാരോട് ഉടൻ നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ മിനിയാപൊളിസിനെ ‘പുതിയ ചിക്കാഗോ’ എന്ന് വിശേഷിപ്പിച്ച ഫെഡറൽ ഉദ്യോഗസ്ഥർ, നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.

മിനസോട്ടയിലെ സോമാലി വംശജരെ ലക്ഷ്യം വെച്ചാണ് ട്രംപ് ഭരണകൂടം ഈ ഓപ്പറേഷൻ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ഡിസംബർ മുതൽ തുടങ്ങിയ ഈ നീക്കം ഇപ്പോൾ വലിയ തോതിലുള്ള വംശീയ-രാഷ്ട്രീയ വിഭജനത്തിന് കാരണമായിട്ടുണ്ട്. വെടിവെപ്പിനെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഫെഡറൽ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Share Email
LATEST
More Articles
Top