‘അവകാശത്തിന് വേണ്ടി ഞങ്ങൾ പൊരുതും’; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഗ്രീൻലാൻഡ്, പ്രതികരണവുമായി പാർലമെന്‍റ് അംഗം

‘അവകാശത്തിന് വേണ്ടി ഞങ്ങൾ പൊരുതും’; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഗ്രീൻലാൻഡ്, പ്രതികരണവുമായി പാർലമെന്‍റ് അംഗം

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഗ്രീൻലാൻഡ് പാർലമെന്റ് അംഗം കൂനോ ഫെങ്കർ രംഗത്തെത്തി. സ്വന്തം രാജ്യത്തിന്‍റെ പരമാധികാരത്തിന് മേൽ കടന്നുകയറാൻ ശ്രമിച്ചാൽ ഏത് ശക്തിക്കെതിരെയും പൊരുതുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രീൻലാൻഡിന് സ്വന്തമായി സൈന്യമില്ലെന്നത് സത്യമാണ്. എന്നാൽ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ തങ്ങളുടെ പരമാധികാരത്തിന് വേണ്ടി ജനങ്ങൾ പോരാടുമെന്ന് ഫെങ്കർ പറഞ്ഞു.

മറ്റൊരു രാജ്യവും തങ്ങളെ പിടിച്ചെടുക്കുന്നത് ഗ്രീൻലാൻഡ് ആഗ്രഹിക്കുന്നില്ല. അമേരിക്കയെക്കാൾ സൈനികമായി തങ്ങൾ ദുർബലരാണെങ്കിലും തങ്ങളുടെ ശബ്ദം കേൾപ്പിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമപരമായി ഡെന്മാർക്കിന്‍റെ കീഴിലുള്ള ഗ്രീൻലാൻഡ്, ഭാവി കാര്യങ്ങളിൽ ഡെന്മാർക്കുമായി കൂടിയാലോചനകൾ നടത്തി മാത്രമേ തീരുമാനമെടുക്കൂ എന്നും അമേരിക്കയുടെ ഏകപക്ഷീയമായ നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീൻലാൻഡിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ‘നലേരാക്ക്’ പാർട്ടിയിലെ അംഗമാണ് കൂനോ ഫെങ്കർ.
അമേരിക്കൻ സൈന്യം ഗ്രീൻലാൻഡിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് വലിയ തോതിലുള്ള പ്രാദേശിക പ്രതിരോധത്തിന് കാരണമാകുമെന്നാണ് ഈ പ്രസ്താവന നൽകുന്ന സൂചന. നാറ്റോ രാജ്യങ്ങൾ ഗ്രീൻലാൻഡിന് പിന്തുണയുമായി എത്തിയതിന് പിന്നാലെ പ്രാദേശിക ജനപ്രതിനിധികളും രംഗത്തെത്തിയത് അമേരിക്കയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

Share Email
LATEST
More Articles
Top