കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർക്ക് കൃത്യസമയത്ത് വിവരങ്ങൾ ലഭ്യമാക്കുമെന്നും കുവൈത്തിലെ യുഎസ് എംബസി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലോ പ്രവർത്തനങ്ങളിലോ നിലവിൽ മാറ്റങ്ങളൊന്നുമില്ലെന്നും അവ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. എങ്കിലും, മുൻകരുതൽ നടപടിയുടെ ഭാഗമായി എംബസി ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
യുഎസ് സൈനികർ പാർക്കുന്ന പ്രധാന സൈനിക താവളങ്ങളിലേക്കുള്ള പ്രവേശനത്തിനും യാത്രകൾക്കും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്യാമ്പ് ആരിഫ്ജാൻ, ക്യാമ്പ് ബ്യൂറിംഗ്, അലി അൽ സലേം എയർ ബേസ്, ക്യാമ്പ് പേട്രിയറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിലവിൽ അത്യാവശ്യ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന് എംബസി ചൂണ്ടിക്കാട്ടി. അതിനാൽ കുവൈത്തിലുള്ള യുഎസ് പൗരന്മാർ വ്യക്തിഗത സുരക്ഷയിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും എംബസി ആവശ്യപ്പെട്ടു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യാനുസരണം ഔദ്യോഗിക അറിയിപ്പുകൾ നൽകുമെന്നും എംബസി വ്യക്തമാക്കി.













