ടെഹ്‌റാൻ: ഇറാനിൽ പന്ത്രണ്ടാം ദിവസവും തുടരുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാരെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും രൂക്ഷമായി വിമർശിച്ച് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്തെത്തി. ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്നവർ ട്രംപിനെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി നിർത്തലാക്കിയ സാഹചര്യത്തിലാണ് ഖമേനി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഈ പ്രസ്താവന നടത്തിയത്.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയ ട്രംപിനെ ‘അഹങ്കാരിയായ’ നേതാവെന്ന് വിശേഷിപ്പിച്ച ഖമേനി, 1979-ലെ ഇസ്ലാമിക് വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായെപ്പോലെ ട്രംപും അധികാരം നഷ്ടപ്പെട്ട് തകരുമെന്ന് പ്രവചിച്ചു. “ട്രംപിന് രാജ്യം ഭരിക്കാൻ അറിയുമെങ്കിൽ സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,” എന്ന് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. വിദേശശക്തികളുടെ ഏജന്റുകളെയും അട്ടിമറി ശ്രമക്കാരെയും ഇറാൻ ജനത ഒരിക്കലും സഹിക്കില്ലെന്നും ഖമേനി കർശന മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റിപ്പബ്ലിക് ആർക്കും മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭങ്ങൾ അടിച്ചമർത്താനുള്ള നടപടികളുടെ ഭാഗമായി ഇറാൻ മുഴുവൻ ഇന്റർനെറ്റും ഫോൺ സേവനങ്ങളും പൂർണമായി വിച്ഛേദിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മുതൽ രാജ്യം ലോകത്തിൽ നിന്ന് ഏകദേശം പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. 2025 ഡിസംബർ 28-ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ 50-ലധികം പേർ കൊല്ലപ്പെട്ടതായും 2000-ത്തിലധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടതായും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.











