ടെൽ അവീവ്: ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം ഏകദേശം 70,000 വരുമെന്ന് ഇസ്രായേൽ സൈന്യം ആദ്യമായി സമ്മതിച്ചു. പാലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നതാണെന്ന മുൻ നിലപാടിൽ നിന്നുള്ള നാടകീയമായ മാറ്റമാണിത്. കാണാതായവരെ ഉൾപ്പെടുത്താതെ തന്നെ ഏകദേശം 70,000 ഗാസ നിവാസികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ‘യെദിയോത്ത് അഹ്‌റോനോത്ത്’ റിപ്പോർട്ട് ചെയ്തു.
പാലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 71,667 ആണ്. ഇസ്രായേൽ സൈന്യത്തിന്റെ പുതിയ കണക്കുകളും ഇതിനോട് ഏറെക്കുറെ യോജിച്ചുപോകുന്നവയാണ്. കൊല്ലപ്പെട്ടവരിൽ എത്രപേർ സായുധ പോരാളികളാണെന്നും എത്രപേർ സാധാരണക്കാരാണെന്നും വിശകലനം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ പ്രതിരോധ വകുപ്പ് എന്ന് ഔദ്യോഗിക ചാനലായ ‘കാൻ 11’ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം കണക്കുകൾ പെരുപ്പിച്ചു കാട്ടുകയാണെന്ന് ഇസ്രായേലും അമേരിക്കയും ആവർത്തിച്ച് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഒക്ടോബർ മധ്യത്തിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും 492 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 1,71,343 കവിഞ്ഞതായും പാലസ്തീൻ അധികൃതർ വ്യക്തമാക്കുന്നു. യുദ്ധം അവസാനിച്ചിട്ടും ഗാസയിലെ മാനുഷിക പ്രതിസന്ധി തുടരുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ ഈ പുതിയ വെളിപ്പെടുത്തൽ അന്താരാഷ്ട്ര കോടതികളിൽ ഇസ്രായേലിനെതിരെ നിലനിൽക്കുന്ന വംശഹത്യ കേസുകളിൽ നിർണ്ണായക തെളിവായി മാറാൻ സാധ്യതയുണ്ട്.













