‘എനിക്ക് നിങ്ങളോട് ദേഷ്യമില്ല’; റെനി ഗുഡിന്‍റെ അവസാന വാക്കുകൾ പുറത്ത്, ഐസ് ഉദ്യോഗസ്ഥൻ വെടിവെച്ച വീഡിയോയും പുറത്ത്

‘എനിക്ക് നിങ്ങളോട് ദേഷ്യമില്ല’; റെനി ഗുഡിന്‍റെ അവസാന വാക്കുകൾ പുറത്ത്, ഐസ് ഉദ്യോഗസ്ഥൻ വെടിവെച്ച വീഡിയോയും പുറത്ത്

മിനിയാപൊളിസ്: ഐസ് ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്ന റെനി നിക്കോൾ ഗുഡ് എന്ന 37-കാരിയുടെ അവസാന നിമിഷങ്ങൾ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. വെടിയുതിർത്ത ജോനാഥൻ റോസ് എന്ന ഉദ്യോഗസ്ഥനോട് “എനിക്ക് നിങ്ങളോട് ദേഷ്യമില്ല” എന്ന് റെനി ശാന്തമായി പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതിന് തൊട്ടുപിന്നാലെയാണ് റെനി തന്റെ വാഹനമോടിച്ച് പോകാൻ ശ്രമിച്ചതും റോസ് മൂന്ന് തവണ വെടിയുതിർത്തതും.
സിഎൻഎൻ പുറത്തുവിട്ട വീഡിയോയിൽ, റെനിയും ഭാര്യ ബെക്കയും തങ്ങളെ തടഞ്ഞ ഐസ് ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നത് കാണാം. “ഇന്ന് രാവിലെ ഞങ്ങൾ നമ്പർ പ്ലേറ്റ് മാറ്റിയിട്ടില്ല, പിന്നീട് സംസാരിക്കുമ്പോൾ ഇതേ പ്ലേറ്റ് തന്നെയായിരിക്കും ഇതിൽ” എന്ന് ബെക്ക ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്.

വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ റെനി തന്റെ ഹോണ്ട പൈലറ്റ് എസ്‌യുവി പിന്നോട്ട് എടുക്കുകയും തുടർന്ന് മുൻപോട്ട് ഓടിക്കുകയും ചെയ്തു. ഈ സമയത്താണ് ഉദ്യോഗസ്ഥൻ വാഹനത്തിന് നേരെ വെടിവെച്ചത്. വാഹനം ഉദ്യോഗസ്ഥനെ തട്ടിയോ എന്ന കാര്യത്തിൽ ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും, താൻ സ്വയം രക്ഷയ്ക്കായി വെടിവെച്ചതാണെന്നാണ് ജോനാഥൻ റോസിന്‍റെ വാദം.

റെനി ഗുഡിനെ ഒരു “ആഭ്യന്തര ഭീകരവാദിയായി” ആണ് ട്രംപ് ഭരണകൂടം ചിത്രീകരിക്കുന്നത്. ഐസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഇടതുപക്ഷ ശൃംഖലയുടെ ഭാഗമാണ് റെനിയെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആരോപിച്ചു. ഇത്തരത്തിലുള്ള പ്രതിഷേധ ഗ്രൂപ്പുകളുടെ നേതാക്കളെയും അവർക്ക് പണം നൽകുന്നവരെയും കുറിച്ച് അന്വേഷിക്കാൻ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഉത്തരവിട്ടു.

Share Email
LATEST
More Articles
Top