തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായക’ന് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന് ഉടൻ ‘U/A’ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ പരമോന്നത കോടതിയിൽ ഹർജി നൽകിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ചിത്രത്തിന് എത്രയും വേഗം പ്രദർശനാനുമതി നൽകണമെന്നുമാണ് നിർമാതാക്കളുടെ ആവശ്യം.
സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ശനിയാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 21-ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇതോടെ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലായി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന റിലീസ് നേരത്തെ തന്നെ മാറ്റിവച്ചിരുന്നു.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ഈ ചിത്രം വിജയ്‌യുടെ സിനിമാ കരിയറിലെ 69-ാം ചിത്രമാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകർക്കിടയിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ കമലഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടികൾക്കെതിരെ കലാകാരന്മാർ ഒന്നിച്ച് പോരാടണമെന്ന് കമലഹാസൻ ആഹ്വാനം ചെയ്തു.












