ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് തിരിച്ചടി; പ്രസിഡന്‍റിന് അധികാരമില്ലെന്ന് കോടതി, വാഷിംഗ്ടണിലും ഓറിഗണിലും ഉത്തരവ് തടഞ്ഞു

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് തിരിച്ചടി; പ്രസിഡന്‍റിന് അധികാരമില്ലെന്ന് കോടതി, വാഷിംഗ്ടണിലും ഓറിഗണിലും ഉത്തരവ് തടഞ്ഞു

സിയാറ്റിൽ: തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് ഫെഡറൽ കോടതിയുടെ ശക്തമായ പ്രഹരം. വാഷിംഗ്ടൺ, ഓറിഗൺ എന്നീ സംസ്ഥാനങ്ങളിൽ ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നടപ്പിലാക്കുന്നത് സിയാറ്റിലെ ഫെഡറൽ ജഡ്ജി ജോൺ എച്ച്. ചുൻ തടഞ്ഞു. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം പ്രസിഡന്‍റിനല്ല, മറിച്ച് സംസ്ഥാനങ്ങൾക്കും കോൺഗ്രസിനുമാണെന്ന് കോടതി നിരീക്ഷിച്ചു.

വോട്ട് ചെയ്യുന്നതിനായി പൗരത്വ തെളിവുകൾ നിർബന്ധമാക്കുകയും, തപാൽ വോട്ടുകൾ തിരഞ്ഞെടുപ്പ് ദിവസം തന്നെ ലഭിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതായിരുന്നു മാർച്ചിൽ പുറപ്പെടുവിച്ച ട്രംപിന്റെ ഉത്തരവ്. ഇത് പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് ഫെഡറൽ ഫണ്ട് നൽകില്ലെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ടായിരുന്നു. പ്രസിഡന്റിന്റെ ഉത്തരവ് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാരപരിധിക്ക് പുറത്താണെന്ന് ജഡ്ജി ജോൺ എച്ച്. ചുൻ കണ്ടെത്തി. സമാനമായ രീതിയിൽ മസാച്യുസെറ്റ്‌സിലും വാഷിംഗ്ടൺ ഡി.സിയിലും നേരത്തെ കോടതികൾ ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

“തെരഞ്ഞെടുപ്പ് നിഷേധിക്കുന്ന ചീഫിനല്ല, സംസ്ഥാനങ്ങൾക്കും കോൺഗ്രസിനുമാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ അവകാശമെന്ന് കോടതി തെളിയിച്ചു” എന്ന് വാഷിംഗ്ടൺ അറ്റോർണി ജനറൽ നിക്ക് ബ്രൗൺ പ്രതികരിച്ചു. വോട്ടർമാരുടെയും നിയമവാഴ്ചയുടെയും വലിയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ബൈ മെയിൽ രീതി പിന്തുടരുന്ന വാഷിംഗ്ടൺ, ഓറിഗൺ എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വോട്ടർമാർക്ക് ഈ വിധി വലിയ ആശ്വാസമാണ്. പൗരത്വ രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടുന്ന ദരിദ്ര വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന ആശങ്ക ഇതോടെ താൽക്കാലികമായി ഒഴിവായി.

Share Email
LATEST
More Articles
Top