കേരള നിയമസഭ പുസ്തകോത്സവത്തില്‍ ‘സഭയിലെ കാല്‍നൂറ്റാണ്ട്’ എന്ന സെഷനില്‍ നിയമസഭയിലെ രസകരമായ സംഭവങ്ങളും പ്രധാന നേതാക്കളുടെ രീതികളും വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റങ്ങളുംഅവിസ്മരണീയ മുഹൂര്‍ത്തങ്ങളും സഭയിലെ മുതിര്‍ന്ന സാമാജികര്‍ പങ്കുവെച്ചു. സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പി ജെ ജോസഫ് എംഎല്‍എ, എംഎല്‍എമാരായ മോന്‍സ് ജോസഫ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ഓര്‍മ്മകളിലേക്ക് യാത്ര നടത്തിയത്.
1970 ല്‍ ആദ്യമായി എംഎല്‍എയായി സഭയിലെത്തിയ താന്‍ നാലോ അഞ്ചോ ദിവസം പഴയ നിയമസഭയിലെ ലൈബ്രറിയില്‍ പോയി മെനക്കെട്ട് തയ്യാറെടുത്ത ശേഷമാണ് സഭയില്‍ പ്രസംഗിച്ചിരുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു. ‘അന്ന് സഭയിലെ പ്രധാനിയായ ടി വി തോമസിനെതിരെ നേരിട്ട് ആക്ഷേപം ഉന്നയിക്കാല്‍ മടി ആയതിനാല്‍ പാട്ടിനെയാണ് ആശ്രയിച്ചത്. ‘ചെന്താമര പൂന്തേന്‍ കുടിക്കുന്ന വണ്ടേ… നീ ചാണകമുരുട്ടുന്നതും ഞാന്‍ കണ്ടേ…’ എന്നായിരുന്നു ടി. വി യ്ക്ക് എതിരെയുള്ള പാട്ട്, ‘ പി ജെ ജോസഫ് ഓര്‍ത്തെടുത്തു.
മരമില്ലാത്ത കടലില്‍ മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ച സീതിഹാജിയുടെ തമാശയും ആരോപണത്തെ ‘ആരോ പണം വാങ്ങി’
എന്ന് വഴിതിരിച്ചു വിട്ട സി എച്ച് മുഹമ്മദ് കോയയുടെ വിരുതും ജോസഫ് പങ്കുവെച്ചു. ‘അന്ന് സാമാജികരുടെ ഏറ്റവും വലിയ ആശ്രയം പഴയ നിയമസഭ ലൈബ്രറിയിയായിരുന്നു ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിലുള്ളത്. ഗാന്ധിയെക്കുറിച്ചൊക്കെ എത്രയോ വോള്യങ്ങള്‍ ഉണ്ട്.’
2001ല്‍ ആദ്യമായി സഭയിലെത്തിയ തന്റെ കൂടെ അക്കാലത്ത് സഭയില്‍ ഉണ്ടായിരുന്ന 57 പേര്‍, വി എസ് അച്യുതാനന്ദന്‍ മുതല്‍
കാനത്തില്‍ ജമീല വരെ- ഇന്ന് ഇല്ലെന്ന കാര്യം കോവൂര്‍ കുഞ്ഞുമോന്‍ ഓര്‍മ്മിച്ചു.നിരവധി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ കൂടെയും അവരുടെ മക്കളുടെ കൂടെയും സഭയില്‍ ഇരിക്കാന്‍ കഴിഞ്ഞതും കുഞ്ഞുമോന്‍ ചൂണ്ടിക്കാട്ടി. ജി കാര്‍ത്തികേയന്‍- ശബരിനാഥ്, ബാലകൃഷ്ണപിള്ള- ഗണേഷ് കുമാര്‍, വിജയന്‍ പിള്ള-സുജിത് വിജയന്‍ പിള്ള, കെ നാരായണകുറുപ്പ്-ഡോ. എന്‍ ജയരാജ് എന്നിവരുടെ കൂടെയാണ് സഹ സാമാജികനായത്.
ഇതിനിടയില്‍ ‘കോവൂര്‍ കുഞ്ഞിമോന്‍ കല്യാണം കഴിക്കുന്നില്ലേ..?’ എന്ന ചോദ്യവുമായി മന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടു. അതിന് ‘എന്നായാലും കല്യാണം കഴിക്കുമെന്ന്’ കുഞ്ഞുമോന്‍ ഉറപ്പും നല്‍കി. ശാസ്താംകോട്ട കായലിന്റെ നവീകരണം പോലെയാണ് കുഞ്ഞുമോന്‍ കല്യാണം എന്ന് മന്ത്രിയുടെ തിരിച്ചടി. ഉടനെ മോന്‍സ് ജോസഫ് അക്കാര്യം വിശദമായി പറഞ്ഞു. ‘എല്ലാ തവണ ബജറ്റ് അവതരിപ്പിച്ചു കഴിയുമ്പോഴും ശാസ്താംകോട്ട കായല്‍ നവീകരണം ബജറ്റില്‍ ഉണ്ടാകില്ല. ആര് ഭരിച്ചാലും ഇങ്ങനെ വരുന്ന അവസ്ഥയായി. അപ്പോള്‍ ബജറ്റ് അവതരണത്തിന് ശേഷം കുഞ്ഞുമോന്റെ ഒരു പ്രസംഗമുണ്ട്. ശാസ്താംകോട്ട കായലിനെ അവഗണിച്ചതിലുള്ള കുഞ്ഞുമോന്റെ രോഷപ്രകടനം കാണേണ്ടത് തന്നെയാണ്,’ മോന്‍സ് ജോസഫ് പറഞ്ഞു നിര്‍ത്തി.
സഭയില്‍ തന്റെ ആദ്യ പ്രസംഗം കേട്ടു എല്ലാവരും അഭിനന്ദിച്ചപ്പോള്‍ മീഡിയ ഗാലറിയില്‍ ഉണ്ടായിരുന്ന അന്നത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മാത്രം വേഗത കുറച്ച് പ്രസംഗിക്കണം എന്ന് പറഞ്ഞത് മോന്‍സ് ജോസഫ് ഓര്‍ത്തു.
‘അന്ന് ആ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് പിന്നീട് മനസിലായി. നിശ്ചിത സമയത്തിനുള്ളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സമാജികര്‍ പഠിക്കണം’.
സഭയില്‍ തന്റെ ആദ്യ പ്രസംഗം മന്ത്രിയായിട്ടായിരുന്നു എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഇപ്പോള്‍ സഭയില്‍ നടപടിക്രമങ്ങളിലെ ഗൗരവം കുറഞ്ഞുവരുന്നുണ്ട്. പണ്ട് ലൈബ്രറിയില്‍ പോയിരുന്നു പഠിച്ചിട്ട് ആയിരുന്നു എംഎല്‍എ കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കില്‍, ഇപ്പോള്‍ പത്രവാര്‍ത്ത ഉദ്ധരിച്ചാണ് പറയുന്നത്,’ ഗണേഷ് പറഞ്ഞു.
ബില്‍ അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് അന്നത്തെ ആരോഗ്യമന്ത്രി പി ശങ്കരനെ ചിലര്‍ തമാശക്ക് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണതും ആ സമയം ജലസേചന മന്ത്രിയായിരുന്ന ടിഎം ജേക്കബ് കയറി ബില്‍ അവതരിപ്പിച്ചതും ഗണേഷ് കുമാര്‍ പങ്കുവെച്ചു.
സഭാ നടപടികള്‍ പ്രതിപാദിക്കുന്ന ഗഹനമായ ഗ്രന്ഥം ഉദ്ധരിച്ചു ഏതൊരു ചോദ്യത്തിനും മറുപടി പറഞ്ഞു ‘രക്ഷപ്പെടുന്ന’ കെ എം മാണി പിന്നെയും ഉത്തരം മുട്ടുമ്പോള്‍ ചുമയ്ക്കുന്നതും ഗണേഷ് ഓര്‍മ്മിച്ചു. ‘ആ ചുമ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള മാണി സാറിന്റെ സമയമെടുക്കലാണ്!.
ഗണേഷ്‌കുമാര്‍ നല്ല ഒരു മന്ത്രി ആണെന്ന് തനിയ്ക്ക് ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ അഭിനന്ദനം എ കെ ആന്റണിയില്‍ നിന്നാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഭയില്‍ കാര്യമാത്ര പ്രസക്തമായി, പോയിന്റ് മാത്രം പറഞ്ഞു തന്റെ വാദങ്ങള്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്ന കോടിയേരി ബാലകൃഷ്ണനെയും അവസാന നിമിഷം ഫോട്ടോസ്റ്റാറ്റ് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ വീഴ്ത്തുന്ന ഉമ്മന്‍ചാണ്ടിയേയും അദ്ദേഹം ഓര്‍മയില്‍ നിന്നും എടുത്തു പറഞ്ഞു. സാമാജികര്‍ക്കിടയില്‍ പണ്ടുണ്ടായിരുന്ന സൗഹൃദങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും ഗണേഷ് കുമാര്‍ പരിതപിച്ചു.
Kunjumon who gets angry for Sasthamkotta Lake, PJ Joseph who challenged TV by singing, and Mani Sir who coughs when the answer is given: Members recall funny moments in the Assembly











