വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ വിലക്കിന് മറുപടിയായി, യുഎസ് പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മാലിയും ബുർക്കിന ഫാസോയും വിലക്കേർപ്പെടുത്തി. 2025 ഡിസംബർ 16-ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ യാത്രാ നിയന്ത്രണങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഈ ആഫ്രിക്കൻ രാജ്യങ്ങളുടെ നീക്കം. തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ഏർപ്പെടുത്തിയ അതേ കർശനമായ നിബന്ധനകളും യാത്രാ വിലക്കും അമേരിക്കൻ പൗരന്മാർക്കും ബാധകമാക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. മാലിയുടെ വിദേശകാര്യ മന്ത്രാലയം ‘ഉടനടി പ്രാബല്യത്തോടെ’ ഈ നിയമം നടപ്പിലാക്കുമെന്ന് അറിയിച്ചു.
ടദേശീയ സുരക്ഷയും ഭീകരവാദ വിരുദ്ധ നീക്കങ്ങളും മുൻനിർത്തിയാണ് മാലി, ബുർക്കിന ഫാസോ, നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ സുരക്ഷാ പരിശോധനകളിലും വിവരങ്ങൾ കൈമാറുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. അമേരിക്കയുടെ തീരുമാനം ഏകപക്ഷീയമാണെന്നും യാതൊരു മുൻകൂർ ചർച്ചകളും കൂടാതെയാണ് തങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും മാലി കുറ്റപ്പെടുത്തി. നിലവിൽ ആ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ അമേരിക്ക കണക്കിലെടുത്തില്ലെന്നും അവർ വാദിച്ചു.
മാലിക്കും ബുർക്കിന ഫാസോയ്ക്കും പുറമെ നൈജറും അമേരിക്കൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ യുഎസ് പട്ടികയിൽ ലാവോസ്, സിയറ ലിയോൺ, സൗത്ത് സുഡാൻ, സിറിയ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. അമേരിക്കയും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ നീക്കം വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇത് മേഖലയിലെ ബിസിനസ്സ് യാത്രകളെയും മറ്റ് സഹകരണങ്ങളെയും കാര്യമായി ബാധിച്ചേക്കാം.













