ന്യൂയോർക്ക്: മിനിയാപൊളിസിൽ കഴിഞ്ഞ ദിവസം ഐസിഇ ഏജന്റിന്റെ വെടിയേറ്റ് റെനി ഗുഡ് കൊല്ലപ്പെട്ട സംഭവത്തെ കൊലപാതകം എന്ന് വിശേഷിപ്പിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കൻ ഗവൺമെന്റിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. നിലവിലെ ഐസിഇ റെയ്ഡുകൾ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് മംദാനി പറഞ്ഞു.
ഇത്തരം റെയ്ഡുകൾ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കുടിയേറ്റക്കാരെ വേട്ടയാടുന്ന രീതി സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിനിയാപൊളിസിൽ നടന്ന റെയ്ഡിനിടെയാണ് റെനി ഗുഡ് കൊല്ലപ്പെട്ടത്. ഈ സംഭവം അമേരിക്കയിലുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ന്യൂയോർക്ക് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെ മേയർമാർ ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നയങ്ങൾക്കെതിരെ ശക്തമായി രംഗത്തുവരുന്നതിന്റെ സൂചനയായാണ് മംദാനിയുടെ ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. കുടിയേറ്റക്കാർക്ക് അഭയം നൽകുന്ന ‘സാങ്ച്വറി സിറ്റികൾ’ ഫെഡറൽ ഏജൻസികളുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.













