കോപ്പൻഹേഗൻ: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്കിടെ ആർട്ടിക് ദ്വീപിൽ വൻതോതിൽ സൈനികരെ വിന്യസിക്കാൻ ഡെന്മാർക്ക് തീരുമാനിച്ചു. ദ്വീപിലെ ഡാനിഷ് സൈനികരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് ഡാനിഷ് മിലിട്ടറി വക്താവ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ തന്നെ കൂടുതൽ സൈനികർ ഗ്രീൻലാൻഡിലേക്ക് തിരിക്കും. ആർട്ടിക് വൃത്തത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തെക്കുപടിഞ്ഞാറൻ മുനിസിപ്പാലിറ്റിയായ കാംഗർലൂസുവക്കിലേക്കാണ് സൈന്യത്തെ അയക്കുന്നത്.
അസാധാരണമായ ഈ സൈനിക നീക്കത്തിന് നേതൃത്വം നൽകാൻ റോയൽ ഡാനിഷ് ആർമി ചീഫ് മേജർ ജനറൽ പീറ്റർ ബോയ്‌സൻ നേരിട്ട് ഗ്രീൻലാൻഡിലെത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് അദ്ദേഹം സൈനികർക്കൊപ്പം യാത്ര തിരിക്കുന്നത്.
ഗ്രീൻലാൻഡ് വാങ്ങാൻ ഉറച്ചുനിൽക്കുന്ന ട്രംപ് ഭരണകൂടം ഡെന്മാർക്കിന് മേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന ശക്തമായ സന്ദേശമാണ് ഡെന്മാർക്ക് ഇതിലൂടെ നൽകുന്നത്. ഗ്രീൻലാൻഡിന്റെ സുരക്ഷ നാറ്റോയുടെ ഉത്തരവാദിത്തമാണെന്ന് നേരത്തെ തന്നെ ഡെന്മാർക്ക് വ്യക്തമാക്കിയിരുന്നു.








