വാഷിംഗ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസ്) ഉദ്യോഗസ്ഥരുടെ ക്രൂരമായ പ്രവർത്തനങ്ങൾക്കെതിരെ രാജ്യമെമ്പാടും വൻ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്. ഈ വാരാന്ത്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് മുഴുവൻ ആയിരത്തിലധികം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. മിനിയാപൊളിസിൽ റെനി നിക്കോൾ ഗുഡ് എന്ന യുവതി ഐസ് ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോഴത്തെ വ്യാപകമായ ജനരോഷത്തിന് പ്രധാന കാരണമായത്.
“ഐസിനെ പൂർണ്ണമായി പുറത്താക്കുക” (ICE Out For Good) എന്ന മുദ്രാവാക്യവുമായി വിവിധ സന്നദ്ധ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. ഐസ് ഏജന്റുമാരുടെ പ്രാദേശിക സമൂഹങ്ങളിൽ നിന്നുള്ള പൂർണ്ണമായ പിൻവലിക്കലും റെനി ഗുഡിന്റെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കലും പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങളാണ്.
മിനിയാപൊളിസിൽ നടന്ന ഒരു ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് മൂന്ന് കുട്ടികളുടെ അമ്മയും കവയിത്രിയുമായ റെനി നിക്കോൾ ഗുഡ് (37) കൊല്ലപ്പെട്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഐസ് ഉദ്യോഗസ്ഥൻ അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. റെനി ഒരു ‘ലീഗൽ ഒബ്സർവർ’ ആയിരുന്നുവെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.
ഫെഡറൽ ഏജൻസികൾ നൽകുന്ന വിശദീകരണമനുസരിച്ച്, റെനി തന്റെ വാഹനം ഉദ്യോഗസ്ഥർക്കു നേരെ ഇടിച്ചുകയറ്റാൻ ശ്രമിച്ചതിനാലും സ്വയം രക്ഷയ്ക്കായിട്ടുമാണ് വെടിവെച്ചതെന്നാണ് അവകാശവാദം. എന്നാൽ ഈ വിശദീകരണം തെറ്റാണെന്നും അനാവശ്യവും അമിതവുമായ ബലപ്രയോഗമാണ് നടത്തിയതെന്നും മിനിയാപൊളിസ് മേയർ ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷമായി വിമർശിച്ചു. റെനി ഗുഡിന്റെ കൊലപാതകത്തിനു പുറമെ, പോർട്ട്‌ലാൻഡ് ഉൾപ്പെടെയുള്ള മറ്റു നഗരങ്ങളിലും ഐസ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പുകളും മർദ്ദനങ്ങളും പ്രതിഷേധത്തിന്റെ രൂക്ഷത വർധിപ്പിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളോട് ഐസ് തുടർച്ചയായി അക്രമം അഴിച്ചുവിടുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU), ‘50501’ പ്രൊട്ടസ്റ്റ് മൂവ്മെന്റ് തുടങ്ങിയ പ്രമുഖ സംഘടനകളാണ് ഈ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്.











