മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു; യുഎസ് നടപടി ‘കൂട്ടക്കുരുതി’യെന്ന് വെനിസ്വേല, കടുത്ത ആരോപണങ്ങൾ

മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു; യുഎസ് നടപടി ‘കൂട്ടക്കുരുതി’യെന്ന് വെനിസ്വേല, കടുത്ത ആരോപണങ്ങൾ

കാരക്കാസ്: അമേരിക്കൻ സൈന്യം നടത്തിയ നീക്കത്തിനിടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതായി വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ലാദിമിർ പഡ്രിനോ ലോപ്പസ് വെളിപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ കാരക്കാസിലെ പ്രസിഡൻഷ്യൽ വസതിയിലും സൈനിക താവളങ്ങളിലും യുഎസ് സൈന്യം നടത്തിയ ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ ഒരു കൂട്ടക്കൊലയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒപ്പമുണ്ടായിരുന്ന സൈനികരെയും നിരപരാധികളായ സാധാരണക്കാരെയും അമേരിക്കൻ സൈന്യം “ക്രൂരമായി വെടിവെച്ചു കൊന്നു” എന്ന് ലോപ്പസ് പറഞ്ഞു. അമേരിക്കൻ ഹെലികോപ്റ്ററുകളിൽ നിന്ന് ജനവാസ മേഖലകളിലേക്ക് മിസൈലുകളും റോക്കറ്റുകളും വർഷിച്ചതായും അദ്ദേഹം ആരോപിച്ചു. മഡുറോയെയും ഭാര്യയെയും പിടികൂടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 80 വയസ്സുള്ള റോസ ഗോൺസാലസ് എന്ന വയോധിക ഉൾപ്പെടെയുള്ള സാധാരണക്കാരും ഉണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഒരു പരമാധികാര രാജ്യത്തിന് മേൽ നടത്തിയ ഏറ്റവും വലിയ അധിനിവേശമാണിതെന്നും ലോപ്പസ് പറഞ്ഞു. തങ്ങളുടെ സൈന്യം ദുർബലപ്പെട്ടിട്ടില്ലെന്നും വിദേശ സൈനികരുടെ സാന്നിധ്യത്തെ രാജ്യം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, ദൗത്യത്തിനിടെ തങ്ങളുടെ സൈനികർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും എന്നാൽ ചിലർക്ക് പരിക്കേറ്റതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Share Email
Top