കാരക്കാസ്: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിനെ നടുക്കി ശനിയാഴ്ച പുലർച്ചെയുണ്ടായ സ്ഫോടന പരമ്പരയിൽ നഗരം ഭീതിയിലായി. പ്രാദേശിക സമയം പുലർച്ചെ 1.50-ഓടെയാണ് ആദ്യ സ്ഫോടനം രേഖപ്പെടുത്തിയത്. സ്ഫോടനത്തിന് പിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങളുടെ ജനൽചില്ലകൾ തകർന്നതായും ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായും സിഎൻഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാരക്കാസിന് പുറമെ ലാ ഗുഐറ, മിറാൻഡ സംസ്ഥാനങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.
സ്ഫോടനങ്ങളുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഇതിന് പിന്നാലെ നഗരത്തിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയിലെ ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിൽ, ഈ സ്ഫോടനങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. വെനസ്വേലയിലെ ലഹരിക്കടത്തും അനധികൃത കുടിയേറ്റവും തടയാൻ സിഐഎയ്ക്ക് പ്രത്യേക അധികാരം നൽകിയതായി ട്രംപ് ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ സൈനിക നീക്കത്തിന്റെ ഭാഗമായാണോ ഈ സ്ഫോടനങ്ങൾ നടന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വെനസ്വേലൻ മണ്ണിൽ നേരിട്ടുള്ള സൈനിക ഇടപെടലുകൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു. വരും ദിവസങ്ങളിൽ അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ ഈ സംഭവം കാരണമായേക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.













