ബ്രസല്‍സ്: ഡെണ്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് ദ്വീപസമൂഹം പിടിച്ചെടുക്കാനുള്ള നീക്കം യുഎസ് സജീവമാക്കിയിരിക്കുന്നതിനിടെ ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷയ്ക്ക് കവചമൊരുക്കുമെന്ന പ്രഖ്യാപനവുമായി നാറ്റോ. ആര്‍ട്ടിക് മേഖലയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നാറ്റോയും ഡെന്മാര്‍ക്കും തീരുമാനിച്ചു.
നാറ്റോ തലവന്‍ മാര്‍ക്ക് റൂട്ടെയും ഡെണ്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും ആര്‍ട്ടിക് മേഖലയില്‍ ഗ്രീന്‍ലന്‍ഡിന്റെ സ്വരക്ഷയുറപ്പാക്കാനുമുള്ള സഹകരണം ശക്തമാക്കുമെന്ന് റൂട്ടെ എക്സില്‍ കുറിച്ചു. ഡണ്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡെറിക് നീല്‍സണുമായി വെള്ളിയാഴ്ച കൂടിക്കാഴ്ചനടത്തി.
ഗ്രീന്‍ലന്‍ഡ് വാങ്ങുന്നത് സംബന്ധിച്ച കരാറിന്റെ രൂപരേഖയായെന്നും അതിലെ വ്യവസ്ഥകളില്‍ തൃപ്തനാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീന്‍ലന്‍ഡിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് നാറ്റോയുമായി ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്നാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗ്രീന്‍ലന്‍ഡിനു സ്ഥിരമായി സൈനികസാന്നിധ്യം ലഭ്യമാക്കാന്‍ നാറ്റോ അംഗരാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ഫ്രഡെറിക്സണ്‍ പറഞ്ഞിരുന്നു. ഇതിനായി നാറ്റോ ആര്‍ട്ടിക് ദൗത്യം ആരംഭിക്കുമെന്നും പറഞ്ഞു.
ലോക സാമ്പത്തീക ഫോറത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദാവോസില്‍വെച്ച് റൂട്ടെയും ട്രംപും കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഗ്രീന്‍ലന്‍ഡിന്റെ കാര്യത്തില്‍ 1951-ലുണ്ടാക്കിയ പ്രതിരോധ ഉടമ്പടി യു.എസും ഡെന്മാര്‍ക്കും വീണ്ടും ചര്‍ച്ചചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്‍ട്ടിക്കില്‍ ചൈനയും റഷ്യയും സൈനികസ്വാധീനം വര്‍ധിപ്പിക്കുന്നതുയര്‍ത്തുന്ന ഡെന്മാര്‍ക്കിനുകീഴിലെ സുരക്ഷാഭീഷണി നേരിടാന്‍ അര്‍ധസ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡ് യു.എസ്. നിയന്ത്രണത്തിലാക്കുക അത്യാവശ്യമാണെന്നാണ് ട്രംപ് പറയുന്നത്.
NATO cooperation announced to ensure Greenland’s security; decision comes amid campaign that the US will annex Greenland








