ഡെന്മാർക്കും നാറ്റോ സഖ്യകക്ഷികളും മുന്നോട്ട് തന്നെ; ഗ്രീൻലാൻഡിന്‍റെ സുരക്ഷ ശക്തമാക്കുന്നതിനായി ഓപ്പറേഷൻ ആർട്ടിക് എൻഡുറൻസ് തുടരും

ഡെന്മാർക്കും നാറ്റോ സഖ്യകക്ഷികളും മുന്നോട്ട് തന്നെ; ഗ്രീൻലാൻഡിന്‍റെ സുരക്ഷ ശക്തമാക്കുന്നതിനായി ഓപ്പറേഷൻ ആർട്ടിക് എൻഡുറൻസ് തുടരും

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിന്‍റെ സുരക്ഷ ശക്തമാക്കുന്നതിനായി ഡെന്മാർക്കും നാറ്റോ സഖ്യകക്ഷികളും ചേർന്ന് ആരംഭിച്ച “ഓപ്പറേഷൻ ആർട്ടിക് എൻഡുറൻസ്” സൈനികാഭ്യാസം 2026-ലും തുടരുമെന്ന് ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് പിന്നാലെയാണ് ഈ സൈനിക നീക്കം ആരംഭിച്ചത്. ഗ്രീൻലാൻഡിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ജനുവരി ആദ്യവാരം ആരംഭിച്ച ഈ ഓപ്പറേഷൻ വരും ആഴ്ചകളിലും തുടരും. കൂടുതൽ നാറ്റോ അംഗരാജ്യങ്ങൾ തങ്ങളുടെ നിരീക്ഷണ സംഘങ്ങളെ ഈ വർഷം ഗ്രീൻലാൻഡിലേക്ക് അയക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ, ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡ് വിഷയത്തിൽ തന്നെ എതിർത്ത രാജ്യങ്ങൾക്ക് മേൽ വ്യാപാര തീരുവ ചുമത്തുമെന്ന ഭീഷണിയും അദ്ദേഹം പിൻവലിച്ചു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഗ്രീൻലാൻഡ് വിഷയത്തിൽ ഒരു “ഭാവി കരാറിന്റെ ചട്ടക്കൂട്” ട്രംപ് പ്രഖ്യാപിച്ചു. ഭീഷണികൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ മുന്നോട്ട് പോകാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം.

നാറ്റോ രാജ്യങ്ങൾ തമ്മിൽ സൈനിക പരിശീലനങ്ങൾ നടത്തുന്നത് സാധാരണമാണെങ്കിലും, ആർട്ടിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സഖ്യകക്ഷികൾ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. നിലവിൽ ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്പേസ് ബേസിൽ ഏകദേശം 150 അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിന്റെ സുരക്ഷയ്ക്കായി ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം തന്നെ സൈനികരെ അയച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top