വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി സ്ഥിരീകരിച്ച് പെന്റഗണ്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഈ അഭ്യാസം മേഖലയിലെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇറാന്റെ ഏതു നീക്കത്തെയും നേരിടാന്‍ യുഎസ് സജ്ജമാണെന്നു ബോധ്യപ്പെടുത്തുന്നതിനായാണ്.
വ്യോമാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പേ അമേരിക്കയുടെവിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെ മേഖലയിലെ അമേരിക്കന്‍ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി വര്‍ദ്ധിച്ചു.
വ്യോമസേനയുടെ പ്രഹരശേഷി തെളിയിക്കുന്നതിനും സഖ്യകക്ഷികളുമായി ചേര്‍ന്ന് അതിവേഗം സൈനിക നീക്കം നടത്തുന്നതിനും ഈ അഭ്യാസം സഹായിക്കുമെന്ന് എഎഫ്സിഇഎന്‍ടി കമാന്‍ഡര്‍ ഡെറക് ഫ്രാന്‍സ് പറഞ്ഞു. ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യതയോടെ ബോംബ് വര്‍ഷിക്കാനും യുദ്ധവിമാനങ്ങള്‍ പറത്താനും യുഎസ് സൈന്യത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനില്‍ ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധം ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.
ജനുവരി 8 മുതല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ ആറായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.
17,000-ത്തോളം മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിലെ ഭരണകൂടത്തിന് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
Pentagon says US 9th Air Force exercise begins in Middle East













