വത്തിക്കാൻ സിറ്റി: മനുഷ്യ വികാരങ്ങളെ ചൂഷണം ചെയ്യുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള അതീവ ‘സ്നേഹ പ്രകടനമുള്ള’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ. വികസിത രാജ്യങ്ങളിൽ ചാറ്റ്ബോട്ടുകൾക്ക് അടിമപ്പെട്ട് കൗമാരക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മാർപ്പാപ്പയുടെ ഈ നിർണ്ണായക ഇടപെടൽ. ചാറ്റ്ബോട്ടുകൾ എപ്പോഴും കൂടെയുള്ളവരും അതീവ വാത്സല്യം പ്രകടിപ്പിക്കുന്നവരുമായി മാറുന്നത് മനുഷ്യരുടെ വികാരങ്ങളെയും വ്യക്തിപരമായ ഇടങ്ങളെയും സ്വാധീനിക്കുകയും തകർക്കുകയും ചെയ്യുമെന്ന് അദ്ദേഹം എഴുതിയ സന്ദേശത്തിൽ പറയുന്നു.
നമ്മൾ സംവദിക്കുന്നത് മനുഷ്യരുമായാണോ അതോ റെർച്വൽ ഇൻഫ്ലുവൻസറുമായാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഡിജിറ്റൽ ലോകം സങ്കീർണ്ണമാകുന്നു. ചാറ്റ്ബോട്ടുമായുള്ള വൈകാരിക ബന്ധം മൂലം ജീവൻ നഷ്ടപ്പെട്ട 14-കാരൻ സെവെൽ സെറ്റ്സറുടെ അമ്മ മേഗൻ ഗാർസിയയെ മാർപ്പാപ്പ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചിരുന്നു.
അമേരിക്കയിൽ ജനിച്ച ലിയോ പതിനാലാമൻ മുൻഗാമികളെക്കാൾ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ അറിവുള്ളയാളാണ്. ആപ്പിൾ വാച്ച് ധരിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ സജീവമാവുകയും ചെയ്ത അദ്ദേഹം, തന്റെ ഭരണകാലത്ത് ‘ എ ഐ എത്തിക്സ്’ ഒരു പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നു.
മാധ്യമങ്ങളും കമ്മ്യൂണിക്കേഷൻ കമ്പനികളും കേവലം ‘അറ്റൻഷൻ’ ലഭിക്കുന്നതിനായി അൽഗോരിതങ്ങളെ ദുരുപയോഗം ചെയ്യരുതെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ എഐ ഉപയോഗമുണ്ടെങ്കിൽ അത് വ്യക്തമായി രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഫർമേഷൻ എന്നത് ഒരു പൊതുമുതലാണെന്നും അത് ലാഭത്തിനായി മാത്രം ഉപയോഗിക്കാനുള്ളതല്ലെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു.













