യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ നിർണ്ണായക നീക്കവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും കോടതി തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. കേസ് പുറത്തുവന്നതിന് പിന്നാലെ തനിക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും യുവതി കോടതിയിൽ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യത്തെ പീഡനക്കേസിലെ മുൻകൂർ ജാമ്യഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിലവിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നിലവിലുണ്ടെങ്കിലും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. കേസിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു എന്നാരോപിച്ചാണ് യുവതി നേമം പോലീസിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ ഹർജി കൂടി പരിഗണിച്ച ശേഷമായിരിക്കും രാഹുലിന്റെ ജാമ്യകാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക. കേസിൽ പ്രതിചേർക്കപ്പെട്ട രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.













