ഗുരുതര സാഹചര്യങ്ങൾ, മഡുറോയെ തടവിലാക്കിയതിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് റഷ്യ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിമർശനം

ഗുരുതര സാഹചര്യങ്ങൾ, മഡുറോയെ തടവിലാക്കിയതിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് റഷ്യ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിമർശനം

മോസ്കോ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും തടവിലാക്കി രാജ്യത്തിന് പുറത്തെത്തിച്ചെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ, വിഷയത്തിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തി. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്ക നടത്തിയ ആക്രമാസക്തമായ നീക്കത്തിലൂടെ മഡുറോയെയും ഭാര്യയെയും ബലപ്രയോഗത്തിലൂടെ നാടുകടത്തിയെന്ന റിപ്പോർട്ടുകളിൽ അതീവ ആശങ്കയുണ്ടെന്ന് റഷ്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉടൻ തന്നെ വ്യക്തത വരുത്തണമെന്ന് പുടിൻ ഭരണകൂടം ആവശ്യപ്പെട്ടു.

അമേരിക്കയുടെ ഈ നടപടി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വമായ പരമാധികാരത്തോടുള്ള ബഹുമാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ സത്യമാണെങ്കിൽ, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെനിസ്വേലയ്ക്കെതിരെ അമേരിക്ക നടത്തിയത് സായുധ ആക്രമണമാണെന്നും ഇതിനെ ന്യായീകരിക്കാൻ വാഷിംഗ്ടൺ നിരത്തുന്ന കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്നും റഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം ആഗോളതലത്തിൽ പുതിയ നയതന്ത്ര പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. വെനിസ്വേലയുടെ അടുത്ത സഖ്യകക്ഷിയായ റഷ്യ, അമേരിക്കൻ നടപടിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നത് വരും ദിവസങ്ങളിൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ വാഗ്വാദങ്ങൾക്ക് വഴിതുറക്കും.

Share Email
LATEST
More Articles
Top