ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയിൽ രക്തസമ്മർദ്ദം (BP) ഉയർന്ന നിലയിലാണെന്നും ഇസിജിയിൽ വ്യതിയാനമുണ്ടെന്നും കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖങ്ങളും കാലിലെ നീരും പരിഗണിച്ച് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം തന്ത്രിയെ മെഡിക്കൽ ഐ സി യുവിൽ അഡ്മിറ്റ് ചെയ്തു എന്നതാണ്.
അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന നടത്തി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം തന്ത്രിയുടെ തഴമൺ മഠത്തിലെത്തിയത്.
കേസിലെ 13-ാം പ്രതിയായ കണ്ഠരര് രാജീവര് നിലവിൽ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:45 ഓടെയാണ് എസ്ഐടി സംഘം ചെങ്ങന്നൂരിലെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആരോഗ്യനില വഷളായി:
അതിനിടെ,
ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി നൽകിയതിൽ വൻ അഴിമതിയും ആചാരലംഘനവും നടന്നുവെന്നാണ് എസ്ഐടി കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ വിട്ടുനൽകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നും താന്ത്രിക വിധികൾ ലംഘിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമാണ് കണ്ഠരര് രാജീവരുടെ പ്രതികരണം.













