ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിക്കുന്ന അവസാന ചിത്രം ‘ജന നായകൻ’ വീണ്ടും നിയമക്കുരുക്കിൽ. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷേധിച്ചു. സെൻസർ ബോർഡ് (CBFC) നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നേരത്തെ ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന് തങ്ങളുടെ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ മതിയായ സമയം സിംഗിൾ ബെഞ്ച് നൽകിയില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, മമിത ബൈജു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രം സെൻസർ കുരുക്കിലായത് വിജയ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.













