ദാവോസ്: ഗ്രീൻലാൻഡിന്‍റെ പരമാധികാരത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയൻ വ്യക്തമാക്കി. ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ ഡെന്മാർക്കിനും ഗ്രീൻലാൻഡിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്. ഗ്രീൻലാൻഡിന്റെ അഖണ്ഡത ചർച്ചകൾക്ക് അതീതമാണെന്ന് പറഞ്ഞ അവർ, മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്പ് ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രഖ്യാപിച്ചു.
ഗ്രീൻലാൻഡിന്‍റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി യൂറോപ്പ് വലിയ തോതിലുള്ള നിക്ഷേപം നടത്തും. അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദത്തെ മറികടക്കാൻ ഇത് സഹായിക്കും.
ആർട്ടിക് മേഖലയിലെ സുരക്ഷയ്ക്കായി ഫിൻലാൻഡ് ഉൾപ്പെടെയുള്ള വടക്കൻ നാറ്റോ രാജ്യങ്ങൾ സജ്ജമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഫിൻലാൻഡ് അമേരിക്കയ്ക്ക് ഐസ്‌ബ്രേക്കർ കപ്പലുകൾ വിൽക്കുന്നത് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.
ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയ അധിക നികുതികൾ ഒരു വലിയ തെറ്റാണെന്ന് ഉർസുല പറഞ്ഞു. ദീർഘകാല സുഹൃത്തുക്കൾ തമ്മിലുള്ള ഇത്തരം നീക്കങ്ങൾ ശത്രുരാജ്യങ്ങളെ മാത്രമേ സഹായിക്കൂ എന്ന് അവർ മുന്നറിയിപ്പ് നൽകി. ഗ്രീൻലാൻഡിന് നേരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ യൂറോപ്പിന്റെ പ്രതികരണം അചഞ്ചലവും ഐക്യത്തോടെയുള്ളതും ആനുപാതികവും ആയിരിക്കുമെന്ന് അവർ വ്യക്തമാക്കി. അമേരിക്കയെ തങ്ങളുടെ ശത്രുവായി കാണുന്നില്ലെന്നും എന്നാൽ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് യൂറോപ്യൻ യൂണിയൻ ഇതിലൂടെ നൽകുന്ന വ്യക്തമായ സന്ദേശം. ആർട്ടിക് മേഖലയിലെ ഈ തർക്കം ലോകത്തെ രണ്ട് വലിയ ശക്തികൾ തമ്മിലുള്ള സാമ്പത്തിക യുദ്ധമായി മാറുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.








