ബ്രിജിറ്റ് മാക്രോൺ ട്രാൻസ്‌ജെൻഡറെന്ന് വ്യാജപ്രചാരണം; 10 പേർ കുറ്റക്കാരെന്ന് പാരീസ് കോടതി, അടുത്ത കേസ് അമേരിക്കയിൽ

ബ്രിജിറ്റ് മാക്രോൺ ട്രാൻസ്‌ജെൻഡറെന്ന് വ്യാജപ്രചാരണം; 10 പേർ കുറ്റക്കാരെന്ന് പാരീസ് കോടതി, അടുത്ത കേസ് അമേരിക്കയിൽ

പാരീസ്: ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോൺ ട്രാൻസ്‌ജെൻഡർ ആണെന്ന തരത്തിൽ ഓൺലൈനിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച പത്ത് പേർ കുറ്റക്കാരെന്ന് പാരീസ് ക്രിമിനൽ കോടതി വിധി. ബ്രിജിറ്റ് പുരുഷനായാണ് ജനിച്ചതെന്നും പിന്നീട് ലിംഗമാറ്റം നടത്തിയതാണെന്നുമുള്ള ഹീനമായ പ്രചാരണങ്ങൾക്കെതിരെ മാക്രോൺ ദമ്പതികൾ നൽകിയ പരാതിയിലാണ് ഈ വിധി. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് നാല് മുതൽ എട്ട് മാസം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ഇതിൽ ഒരാൾക്ക് ആറ് മാസത്തെ നേരിട്ടുള്ള തടവുശിക്ഷയും മറ്റുള്ളവർക്ക് സസ്പെൻഡഡ് തടവുശിക്ഷയുമാണ് (ശിക്ഷാ കാലാവധിയിൽ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യാതിരുന്നാൽ ജയിലിൽ പോകേണ്ടതില്ല) ലഭിച്ചത്.

ഇവർക്ക് പുറമെ വ്യാജവാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആറ് മാസത്തേക്ക് റദ്ദാക്കാനും ഓൺലൈൻ മര്യാദകളെക്കുറിച്ചുള്ള ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കാനും കോടതി ഉത്തരവിട്ടു. ബ്രിജിറ്റ് മാക്രോൺ യഥാർത്ഥത്തിൽ ‘ജീൻ-മിഷേൽ ട്രോഗ്ന്യൂ’ എന്ന പേരിൽ ജനിച്ച പുരുഷനാണെന്നായിരുന്നു പ്രചാരണം. എന്നാൽ ‘ജീൻ-മിഷേൽ’ എന്നത് ബ്രിജിറ്റിന്റെ മൂത്ത സഹോദരന്റെ പേരാണെന്ന് കോടതിയിൽ തെളിഞ്ഞു.

2021-ൽ ഒരു യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച ഈ വ്യാജ പ്രചാരണം 2022-ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് വലിയ രീതിയിൽ ചർച്ചയാക്കാൻ ഗൂഢാലോചന നടന്നിരുന്നു. ഈ സൈബർ ആക്രമണം തന്റെ അമ്മയുടെ ആരോഗ്യത്തെയും കുടുംബത്തിന്റെ സമാധാനത്തെയും സാരമായി ബാധിച്ചുവെന്ന് ബ്രിജിറ്റിന്റെ മകൾ ടിഫെയ്ൻ ഔസിയർ കോടതിയിൽ മൊഴി നൽകി.

പാരീസ് കോടതിയിലെ ഈ വിജയം അമേരിക്കയിൽ നടക്കാനിരിക്കുന്ന മറ്റൊരു പ്രമുഖ കേസിൽ മാക്രോൺ ദമ്പതികൾക്ക് കരുത്താകും. ഇതേ വ്യാജവാർത്തകൾ ആഗോളതലത്തിൽ പ്രചരിപ്പിച്ച അമേരിക്കൻ പോഡ്‌കാസ്റ്റർ കാൻഡേസ് ഓവൻസിനെതിരെയും മാക്രോൺ കുടുംബം യുഎസ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. താൻ സ്ത്രീയാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ രേഖകളും കുട്ടിക്കാലത്തെ ചിത്രങ്ങളും യുഎസ് കോടതിയിൽ ഹാജരാക്കാൻ ബ്രിജിറ്റ് തീരുമാനിച്ചിട്ടുണ്ട്. സൈബർ ബുള്ളിയിംഗിന് ഇരയാകുന്ന കൗമാരക്കാർക്കും മറ്റുള്ളവർക്കും ഒരു മാതൃകയാകാനാണ് താൻ ഈ നിയമപോരാട്ടം നടത്തുന്നതെന്ന് വിധിക്ക് ശേഷം ബ്രിജിറ്റ് മാക്രോൺ പ്രതികരിച്ചു.

Share Email
LATEST
More Articles
Top