നൂക്ക്: ദ്വീപുരാജ്യമായ ഗ്രീന്‍ലാന്‍ഡ് വെട്ടിപ്പിടിക്കാനായി അമേരിക്ക നീക്കം ശക്തമാക്കുന്നതിനു പിന്നാലെ ഗ്രീന്‍ലാന്‍ഡിലേക്ക് സൈന്യത്തെ അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍.
ഡന്മാര്‍ക്കിനു കീഴിലെ സ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡ് തങ്ങള്‍ക്കു വേണമെന്ന ആവശ്യം അമേരിക്ക വര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഗ്രീന്‍ലാന്‍ഡിലേക്ക് യൂറോപ്യന്‍രാജ്യങ്ങളായ ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈനീകര്‍ ഗ്രീന്‍ലാന്‍ഡിലെത്തിയത്.
യുഎസുമായി ഡെന്മാര്‍ക്കിന്റെയും ഗ്രീന്‍ലന്‍ഡിന്റെയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ഈ സൈനീക നീക്കം.ചര്‍ച്ച ഫലപ്രദമയാില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിരീക്ഷണത്തിനായാണ് തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡ് തലസ്ഥാനമായ നൂക്കില്‍ വിന്യസിക്കുന്നതെന്ന് യൂറോപ്യന്‍രാജ്യങ്ങള്‍ വ്യക്തമാക്കി.ഗ്രീന്‍ലാന്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗ്രീന്‍ലന്‍ഡിന്റെയും ഡെന്മാര്‍ക്കിന്റെയും വിദേശകാര്യമന്ത്രിമാര്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി കൂടിക്കാഴ്ച നടത്തിയത്.
വിയോജിപ്പുകളൊന്നും കൂടിക്കാഴ്ചയില്‍ പരിഹരിക്കാനായില്ലെന്നും ദ്വീപ് പിടിക്കാനുള്ള ട്രംപിന്റെ തീരുമാനം വളരെ സ്പഷ്ടമായെന്നും ചര്‍ച്ചയ്ക്കുശേഷം ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്ക് റുസ്സെന്‍ പറഞ്ഞു. ചര്‍ച്ചയില്‍ സൈനികനടപടിയിലൂടെയല്ലാതെ ഗ്രീന്‍ലന്‍ഡ് ഡെന്മാര്‍ക്കില്‍നിന്ന് വിലകൊടുത്തുവാങ്ങാനുള്ള സാധ്യതയും യുഎസ് മുന്നോട്ടുവെച്ചിരുന്നു.
വരുംദിവസങ്ങളില്‍ ദ്വീപില്‍ നാറ്റോ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും അവരുടെ കൂടുതല്‍ കപ്പലുകളും സേനാവിമാനങ്ങളുമെത്തുമെന്നും ഗ്രീന്‍ലന്‍ഡ് ഉപപ്രധാനമന്ത്രി മ്യൂട്ട് എഗെഡ് പറഞ്ഞു.
ഡെന്മാര്‍ക്കിന്റെ ക്ഷണപ്രകാരമാണ് നൂക്കിലേക്ക് സേനയെ അയക്കുന്നതെന്നും ചൈനയും റഷ്യയും ആര്‍ട്ടിക് മേഖലയിലുയര്‍ത്തുന്ന ഭീഷണി നേരിടാനാണിതെന്നും ജര്‍മനി പറഞ്ഞു. ആദ്യ ബാച്ച് ഫ്രഞ്ച് സൈന്യം നൂക്കിലേക്ക് പുറപ്പെട്ടെന്നും ബാക്കിയുള്ളവര്‍ ഉടനെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യൂറോപ്യന്‍ ദൗത്യത്തിന്റെ ഭാഗമായി ഒരു സൈനികോദ്യാഗസ്ഥനെ അയക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് അറിയിച്ചു.
അതേസമയം, ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും ഭീഷണിയാകുന്നെന്ന വ്യാജപ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ലന്‍ഡില്‍ നാറ്റോ നടത്തുന്ന സൈനികവിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് റഷ്യ പറഞ്ഞു.വാന്‍സും ഗ്രീന്‍ലന്‍ഡ്-ഡാനിഷ് പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും, ദ്വീപ് ഏറ്റെടുക്കാനുള്ള ഒരു സാധ്യതയും തള്ളിക്കളയില്ലെന്ന് ട്രംപ് പറഞ്ഞു.
The battlefront is on a new level: European countries send troops to Greenland










