വാഷിംഗ്ടണ്‍: ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന പ്രഖ്യാപനം നടത്തി അമേരിക്ക. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു നീക്കം.
ഇറാനും ഇറാനോട് വ്യാപാരം നടത്തുന്ന രാജ്യങ്ങളേയും ഒരേപോലെ സാമ്പത്തീക സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് യുഎസ് പ്രസിഡന്റ് പുതിയ താരിഫ പ്രഖ്യാപിച്ചത്. താന്‍ പ്രഖ്യാപിച്ച താരിഫുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ വ്യാപാരങ്ങള്‍ക്കും 25 ശതമാനം അധിക താരിഫ് നല്‍കേണ്ടിവരുമെന്നും ട്രംപ് കുറിച്ചു.
ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മില്‍ ആശയസംഘര്‍ഷം രൂക്ഷമായിരിക്കയാണ്.ഏതു സമയത്തു വേണമെങ്കിലും സൈനീക മുന്നേറ്റങ്ങളും ഉണ്ടാവാം. ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ട്രംപിന്റെ പുതിയ താരിഫ് ഭീഷണി. താരിഫ് എങ്ങനെ നടപ്പാക്കും, ഏതൊക്കെ രാജ്യങ്ങളെ ഇത് ബാധിക്കും, ആരെയെങ്കിലും ഇതില്‍ നിന്ന് ഒഴിവാക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ട്രംപ് ഇതുവരെ തന്റെ തീരുമാനത്തില്‍ വ്യക്തമാക്കിയിട്ടില്ല.
രണ്ടാഴ്ചയിലേറെയായി ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ രൂക്ഷമായി തുടരുകയാണ്.600 ഓളം പേര്‍ കൊല്ലപ്പെട്ടതായും 10,670 ല്‍ അധികം ആളുകളെ കസ്റ്റഡിയിലെടുത്തതായും ആണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ക്ക് യുഎസും ട്രംപും പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയോ അക്രമത്തിന് വിധേയരാകുകയോ ചെയ്താല്‍ യുഎസ് സഹായം നല്‍കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക്, കാരണം അമേരിക്കയും ഇസ്രലയേലുമാണെന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് ഇറാനിയന്‍ നേതാക്കളും കുറ്റപ്പെടുത്തുന്നു.
Trump announces 25 percent tariff on countries doing business with Iran












