ലണ്ടൻ/വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനികരുടെ ത്യാഗത്തെ കുറച്ചുകാണിച്ചുകൊണ്ടുള്ള തന്റെ മുൻപത്തെ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ, നിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് സൈനികരെ “ധീരരായ യോദ്ധാക്കൾ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഒരിക്കലും തകർക്കാനാവാത്തതാണെന്നും വ്യക്തമാക്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ, അഫ്ഗാൻ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾ മുൻനിരയിൽ പോരാടിയിട്ടില്ലെന്നും അവർ അമേരിക്കയെ സഹായിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇത് ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളെ ചൊടിപ്പിച്ചു.
ശനിയാഴ്ച ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. “ബ്രിട്ടന്റെ ധീരരായ സൈനികർ എപ്പോഴും അമേരിക്കയ്ക്കൊപ്പമുണ്ടാകും. അഫ്ഗാനിസ്ഥാനിൽ 457 ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. അവർ ലോകത്തിലെ ഏറ്റവും മികച്ച പോരാളികളിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് സൈന്യം മറ്റാർക്കും പിന്നിലല്ല (അമേരിക്കയ്ക്കൊഴികെ!). ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു.” – ട്രംപ് കുറിച്ചു.
ട്രംപിന്റെ ആദ്യ പരാമർശങ്ങൾക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത പ്രിൻസ് ഹാരിയും രംഗത്തെത്തിയിരുന്നു. “അപമാനകരവും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്” ട്രംപിന്റെ വാക്കുകളെന്ന് സ്റ്റാർമർ പ്രതികരിച്ചു. ശനിയാഴ്ച സ്റ്റാർമർ ട്രംപിനെ ഫോണിൽ വിളിച്ച് ബ്രിട്ടീഷ് സൈന്യത്തിന്റെ വീരഗാഥകൾ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ചാൾസ് രാജാവും തന്റെ ആശങ്ക വൈറ്റ് ഹൗസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിയും നാറ്റോ സഖ്യത്തിനെതിരെയുള്ള പ്രസ്താവനകളും കാരണം ട്രംപ് ഭരണകൂടവും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ അതീവ സങ്കീർണ്ണമായ അവസ്ഥയിലാണ്.













