വാഷിംഗ്ടൺ: മിനിയാപൊളിസിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ യുഎസ് പൗരനും ഫെഡറൽ ഏജന്റിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഡെമോക്രാറ്റുകൾക്കാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, രാജ്യത്തെ ‘സാങ്ച്വറി സിറ്റി’നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി വൈകി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഡെമോക്രാറ്റിക് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങൾ ഐസ് (ICE) ഏജന്റുമാരുമായി സഹകരിക്കുന്നില്ലെന്നും ഇത് കുറ്റവാളികൾക്ക് താവളമൊരുക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നീ പൗരന്മാരുടെ മരണത്തിന് കാരണം ഡെമോക്രാറ്റുകൾ സൃഷ്ടിച്ച അരാജകത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറൽ ഏജന്റുമാരുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഇടതുപക്ഷ പ്രക്ഷോഭകരെ ഡെമോക്രാറ്റുകൾ പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. മിനസോട്ട ഗവർണർ ടിം വാൾസ്, മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ എന്നിവരോട് ട്രംപ് ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ജയിലുകളിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരെ ഉടനടി ഫെഡറൽ അധികൃതർക്ക് കൈമാറണം, ഫെഡറൽ ഏജന്റുമാരെ സഹായിക്കാൻ പ്രാദേശിക പോലീസിന് നിർദ്ദേശം നൽകണം,
കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന ‘സാങ്ച്വറി സിറ്റി’ നയം അവസാനിപ്പിക്കണം എന്നിവയാണ് ട്രംപിൻ്റെ ആവശ്യങ്ങൾ.
ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ മിനസോട്ട ഗവർണർ ടിം വാൾസ് രംഗത്തെത്തി. പൂർത്തിയാകുന്നതിന് മുൻപേ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ട്രംപ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട അലക്സ് പ്രെറ്റിയുടെ കൈവശം തോക്കുണ്ടായിരുന്നു എന്ന എഫ്.ബി.ഐ വാദം വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റ വിഷയം വീണ്ടും സജീവമാക്കാനാണ് ട്രംപ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.













