ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭകാർക്കെതിരായ സർക്കാർ അടിച്ചമർത്തൽ തുടരുന്നതിൽ പ്രതിഷേധിച്ച്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ അധികൃതരുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾക്ക് തയ്യാറാണെന്ന സൂചന നൽകിയിരുന്നെങ്കിലും, പ്രതിഷേധക്കാർക്കെതിരായ അക്രമം അവസാനിപ്പിക്കാത്തതിനാൽ ആ തീരുമാനം മാറ്റുകയായിരുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social ൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ട്രംപ് ഈ നിലപാട് അറിയിച്ചത്. ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണച്ചുകൊണ്ട് അവർക്ക് പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ അക്രമം അഴിച്ചുവിടുന്നവർ വൻ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. “സഹായം ഉടൻ എത്തും”എന്ന വാക്കുകളിലൂടെ പ്രതിഷേധക്കാർക്ക് ശക്തമായ പിന്തുണയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
മുമ്പ് ഇറാൻ ഭരണകൂടവുമായി ചർച്ച നടത്താൻ സാധ്യതയുണ്ടെന്നും അതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ, പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് നിർത്താതെ യാതൊരു തരത്തിലുള്ള ചർച്ചകളിലും ഏർപ്പെടില്ലെന്ന കടുത്ത നിലപാടിലാണ് ഇപ്പോൾ അദ്ദേഹം ഉറച്ചുനിൽക്കുന്നത്. ഇറാനെ വീണ്ടും ശക്തമായ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘MIGA’ (Make Iran Great Again) എന്ന വാചകത്തോടെയാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.











