വാഷിംഗ്ടൺ: കൈകളിലെ ചതവുകളെയും നിറവ്യത്യാസങ്ങളെയും കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിശദീകരണവുമായി ഡോണൾഡ് ട്രംപ്. വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ, ഡോക്ടർമാർ നിർദേശിച്ചതിനേക്കാൾ ഉയർന്ന ഡോസ് ആസ്പിരിൻ താൻ ദിവസവും കഴിക്കുന്നുണ്ടെന്നും അതാണ് കൈകളിലെ പാടുകൾക്ക് കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹൃദയാരോഗ്യത്തിന് രക്തം നേർത്ത നിലയിൽ ഒഴുകുന്നത് ഗുണകരമാണെന്ന വിശ്വാസത്തിലാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു.
“ഹൃദയത്തിലൂടെ കട്ടിയുള്ള രക്തം ഒഴുകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല, നേർത്ത രക്തമാണ് നല്ലത്” എന്ന് 79 വയസ്സുള്ള ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 25 വർഷമായി ആസ്പിരിൻ കഴിക്കുന്നുണ്ടെന്നും ഇതിൽ തനിക്ക് ചെറിയൊരു ‘അന്ധവിശ്വാസം’ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന ആസ്പിരിൻ അമിതമായി കഴിച്ചാൽ ചർമ്മത്തിനടിയിൽ ചെറിയ രക്തസ്രാവം ഉണ്ടാകാനും പാടുകൾ രൂപപ്പെടാനും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ട്രംപിന്റെ വലതുകൈയിൽ മുമ്പേ ഇത്തരം പാടുകൾ കാണപ്പെട്ടിരുന്നെങ്കിലും അടുത്തകാലത്ത് അത് മറയ്ക്കാൻ കനത്ത മേക്കപ്പും ബാൻഡേജുകളും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. കൂടാതെ, ക്യാമറകളിൽ നിന്ന് ആ കൈ മറയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. കൈകളിലെ ചതവുകൾക്ക് പുറമേ, കാലുകളിലെ വീർത്തുവരലും പൊതുപരിപാടികളിൽ ഉറക്കം തൂങ്ങുന്നതും ട്രംപിന്റെ ശാരീരിക ക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ കൂട്ടിയിട്ടുണ്ട്.
തന്റെ ആരോഗ്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്ന കാര്യത്തിൽ ട്രംപ് ഇതുവരെ വിമുഖത കാട്ടിയിരുന്നു. ലോകത്തെ ഏറ്റവും ശക്തിയേറിയ രാജ്യത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ സുതാര്യത പുലർത്തണമെന്ന ആവശ്യം ഇപ്പോൾ വീണ്ടും ഉയർന്നുവരികയാണ്.













