വാഷിംഗ്ടണ്‍: അമേരിക്കന്‍ -കാനഡ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇത്തവണ വിമാന സര്‍ട്ടിഫിക്കേഷനെ ചൊല്ലിയാണ് കാനഡ-യുഎസ് പോര് രൂക്ഷമായിരിക്കുന്നത്. അമേരിക്കന്‍ വിമാന കമ്പനിയായ ഗള്‍ഫ് സ്ട്രിം എയറോസ്‌പേസിന്റെ ബിസ്‌നസ് ജെറ്റ് വിമാനങ്ങള്‍ക്ക് എയ്‌റോസ്‌പേസ് സര്‍ട്ടിഫിക്കേഷന്‍ നല്കിയില്ലെങ്കില്‍ കനേഡിയന്‍ വിമാനങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.അമേരിക്കന്‍ വിപണിയില്‍ വലിയതോതില്‍ വില്പന നടത്തുന്ന കനേഡിയന്‍ വിമാനമാ ബോംബാര്‍ഡിയറിന് ഇത് വലിയ തിരിച്ചടിയാകും.
ഗള്‍ഫ് സ്ട്രീം വിമാനങ്ങളായ ഗള്‍ഫ് സ്ട്രീം 500, 600, 700, 800 ജെറ്റുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കാനഡ നിയമവിരുദ്ധമായി വിസമ്മതിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയുള്ള വിമാനങ്ങളായ ഗള്‍ഫ് സ്ട്രീമിനു സര്‍ട്ടിഫിക്കേഷന്‍ നല്കാതിരിക്കുന്നത് നീതിക്കു നിരക്കുന്നതല്ല. ഏറെ കാലങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ടിയിരുന്ന അംഗീകാരമാണ് കാനഡ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
കാനഡ ഈ നിലപാട് തുടര്‍ന്നാല്‍ കനേഡിയന്‍ വിമാനമായ ബോംബാര്‍ഡിയറിന്റെ അംഗീകാരം യുഎസ് റദ്ദാക്കുമെന്ും ബാംബാര്‍ഡിയറിന്റെ പ്രധാന മോഡലായ ഗ്ലോബല്‍ എക്‌സ്പ്രസ് ജെറ്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡി-സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് സ്ട്രീമിന് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത് വരെ കാനഡയില്‍ നിര്‍മ്മിച്ച എല്ലാ വിമാനങ്ങള്‍ക്കും അമേരിക്കയില്‍ നിയന്ത്രണം ഉണ്ടാകും.
എന്നാല്‍ ട്രംപിന്റെ ഈ നിലപാടിനോട് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കാനഡയുടെ പരമാധികാരത്തെ മാനിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപുമായി ചര്‍ച്ച നടത്തുമ്പോള്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നും ഈ വിഷയം പ്രസിഡന്റ് ട്രംപുമായി സംസാരിക്കുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Trump toughens tone with Canada: Announces 50 percent tariff on Canadian aircraft













