ഒട്ടാവ: ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചാൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ഈടാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പഴയ നിലപാട് മാറ്റി കാനഡ. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ കാനഡയ്ക്ക് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കാനഡ ചൈനയുമായി അടുക്കുന്നുവെന്ന ട്രംപിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് കാർണിയുടെ ഈ പ്രതികരണം.
ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കിയാൽ കാനഡ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “ചൈന കാനഡയെ ജീവനോടെ വിഴുങ്ങും, അത് കാനഡയുടെ ബിസിനസ്സുകളെയും സാമൂഹിക ഘടനയെയും തകർക്കും” എന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റ്.
ചൈനയുമായുള്ള നിലവിലെ ചർച്ചകൾ ചില നികുതി തർക്കങ്ങൾ പരിഹരിക്കാൻ മാത്രമുള്ളതാണെന്ന് കാർണി ഞായറാഴ്ച വ്യക്തമാക്കി. അമേരിക്കയും മെക്സിക്കോയുമായുള്ള നിലവിലെ വ്യാപാര കരാർ അനുസരിച്ച് മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിന് മുൻപ് അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ കാനഡ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.. ഈ മാസം നടന്ന ചർച്ചയിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കാനഡ കുറയ്ക്കുകയും പകരമായി കാനഡയുടെ ഉൽപ്പന്നങ്ങൾക്ക് ചൈന ഇളവ് നൽകുകയും ചെയ്തു.ഇത് വിപണി തുറന്നുകൊടുക്കലല്ല, മറിച്ച് വ്യാപാര രംഗത്തെ അസ്ഥിരത ഒഴിവാക്കാനാണെന്ന് കാർണി വിശദീകരിച്ചു.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കാർണി നടത്തിയ പ്രസംഗവും ട്രംപിനെ രോക്ഷാകുലനാക്കി വലിയ രാജ്യങ്ങളുടെ ഭീഷണിക്ക് വഴങ്ങാതെ ഇടത്തരം ശക്തികൾ ഒന്നിച്ച് നിൽക്കണമെന്ന കാർണിയുടെ ആഹ്വാനം ട്രംപിന് നേരെയുള്ള പരാമർശമായാണ് വില ഇരുത്തുന്നത്.
Trump’s 100 percent tariff threat: Canada says it will not sign free trade agreement with China











