വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ അതിസാഹസികമായ സൈനിക ദൗത്യത്തിന് പിന്നാലെ അമേരിക്കൻ രാഷ്ട്രീയത്തിൽ ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങൾ ശക്തമാകുന്നു. വിദേശ സൈനിക ഇടപെടലുകൾക്കെതിരെ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നവർ ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മഹാഭൂരിപക്ഷം നേതാക്കളും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ പിന്തുണച്ച് ശനിയാഴ്ച രംഗത്തെത്തി. മയക്കുമരുന്ന് ഭീകരവാദം അവസാനിപ്പിക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും ട്രംപ് സ്വീകരിച്ച നിർണ്ണായക ചുവടുവെപ്പാണിതെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെയും ‘മാഗ’ പ്രസ്ഥാനത്തിന്റെയും വിലയിരുത്തൽ.
സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്റർ ലിൻഡ്സെ ഗ്രഹാം ട്രംപിന്റെ നടപടിയെ വാനോളം പുകഴ്ത്തി. “മഡുറോയുടെ അറസ്റ്റോടെ മയക്കുമരുന്ന് സാമ്രാജ്യം തകർച്ചയിലേക്ക് നീങ്ങുകയാണ്. വെനിസ്വേലൻ ജനതയ്ക്ക് ഉടൻ തന്നെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയൊരു തുടക്കം ലഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ക്യൂബയ്ക്കും ഇറാനുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും കൂട്ടിച്ചേർത്തു. സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ തുടങ്ങിയവരും ട്രംപിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നടത്തിയ ഈ സൈനിക നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. അമേരിക്കയെ മറ്റൊരു വിദേശ യുദ്ധത്തിലേക്ക് ട്രംപ് വലിച്ചിഴയ്ക്കുകയാണെന്ന് സെനറ്റർ ടിം കെയ്ൻ ആരോപിച്ചു. “കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ പിടികൂടാൻ പ്രസിഡന്റിന് അധികാരമില്ല. ഇതൊരു നിയമവിരുദ്ധമായ യുദ്ധമാണ്,” അദ്ദേഹം പറഞ്ഞു. വെനിസ്വേലയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ചാണ് ട്രംപിന്റെ ഈ നീക്കമെന്ന് അലക്സാണ്ട്രിയ ഒക്കേഷ്യോ കോർട്ടസ് (AOC) കുറ്റപ്പെടുത്തി. കോൺഗ്രസിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഇത്രയും വലിയൊരു സൈനിക നീക്കം നടത്തിയത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന വിമർശനം.













