പാം ബീച്ച്, ഫ്ലോറിഡ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി. ഇതേത്തുടർന്ന് പതിവ് പാത ഒഴിവാക്കി നഗരം ചുറ്റിയുള്ള മറ്റൊരു വഴിയാണ് വാഹനവ്യൂഹം തിരഞ്ഞെടുത്തത്. ഞായറാഴ്ച (2026 ജനുവരി 11) വൈകുന്നേരം 6:20-ഓടെ ട്രംപ് തന്‍റെ മാർ-എ-ലാഗോ ക്ലബ്ബിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കുമ്പോഴായിരുന്നു സംഭവം.
സാധാരണയായി 10 മിനിറ്റ് കൊണ്ട് എത്തുന്ന ദൂരം, സുരക്ഷാ കാരണങ്ങളാൽ റൂട്ട് മാറ്റിയതിനാൽ കൂടുതൽ സമയം എടുത്തു. മോട്ടോർ സൈക്കിളുകളിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ വാഹനവ്യൂഹത്തിന് ചുറ്റും കനത്ത സുരക്ഷാ വലയം ഒരുക്കിയിരുന്നു.
വിമാനത്താവളത്തിൽ സാധാരണ പാർക്ക് ചെയ്യാറുള്ള സ്ഥലത്ത് നിന്ന് മാറി മറ്റൊരു ഭാഗത്താണ് പ്രസിഡന്‍റിന്‍റെ വിമാനമായ ‘എയർ ഫോഴ്സ് വൺ’ നിർത്തിയിട്ടിരുന്നത്. വിമാനത്തിന് പുറത്തുള്ള ലൈറ്റുകൾ അണച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ വാർത്ത സ്ഥിരീകരിച്ചു. വസ്തുവിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമായതിനാലാണ് പാത മാറ്റിയതെന്ന് അവർ പറഞ്ഞു. മുൻകരുതൽ എന്ന നിലയിലുള്ള സ്വാഭാവികമായ നടപടിക്രമം മാത്രമാണിതെന്ന് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിയൽമി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല,” എന്നായിരുന്നു ട്രംപിന്റെ മറുപടി.











