ട്രംപിന്‍റെ ഭീഷണി; ക്യൂബയ്ക്ക് എണ്ണ നൽകിയാൽ മെക്സിക്കോയ്ക്ക് പണി കിട്ടും, മെക്സിക്കോ സഹായിച്ചല്ലെങ്കിൽ ക്യബയും വലയും; നയതന്ത്ര പ്രതിസന്ധി

ട്രംപിന്‍റെ ഭീഷണി; ക്യൂബയ്ക്ക് എണ്ണ നൽകിയാൽ മെക്സിക്കോയ്ക്ക് പണി കിട്ടും, മെക്സിക്കോ സഹായിച്ചല്ലെങ്കിൽ ക്യബയും വലയും; നയതന്ത്ര പ്രതിസന്ധി

മെക്സിക്കോ സിറ്റി: ക്യൂബയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ കനത്ത നികുതി ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം മെക്സിക്കോയെ പ്രതിരോധത്തിലാക്കി. അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളിയായ മെക്സിക്കോയാണ് നിലവിൽ ക്യൂബയുടെ ഏറ്റവും വലിയ എണ്ണ ദാതാക്കളിൽ ഒന്ന്. 2025-ലെ കണക്കുകൾ പ്രകാരം ക്യൂബയ്ക്ക് ആവശ്യമായ വിദേശ എണ്ണയുടെ 44 ശതമാനവും നൽകുന്നത് മെക്സിക്കോയാണ്. അമേരിക്ക നികുതി ഏർപ്പെടുത്തിയാൽ ഈ കയറ്റുമതി തുടരുന്നത് മെക്സിക്കൻ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

ട്രംപിന്റെ നീക്കം ക്യൂബയിൽ വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷീൻബോം മുന്നറിയിപ്പ് നൽകി. എണ്ണ ലഭ്യത കുറയുന്നത് ക്യൂബയിലെ ആശുപത്രികളുടെ പ്രവർത്തനത്തെയും ഭക്ഷണ വിതരണത്തെയും ഊർജ്ജ നിലയങ്ങളെയും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. എണ്ണ കയറ്റുമതി നിർത്തുമോ എന്ന കാര്യത്തിൽ മെക്സിക്കോ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പകരം, നികുതിയുടെ പരിധി എങ്ങനെയൊക്കെയുള്ളതാണെന്ന് വ്യക്തമാക്കാൻ അവർ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യൂബ നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് പലപ്പോഴും മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ മെക്സിക്കോ കൂടി പിൻവാങ്ങിയാൽ അത് ക്യൂബൻ സർക്കാരിന്‍റെ തകർച്ചയ്ക്ക് തന്നെ കാരണമായേക്കാം. എന്നാൽ അമേരിക്കയുമായുള്ള വ്യാപാര ബന്ധം തകരുന്നത് മെക്സിക്കോയ്ക്കും താങ്ങാനാവില്ല.

Share Email
LATEST
More Articles
Top