ജനീവ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ സംഭവത്തിൽ ഗാഢമായ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. വെനസ്വേലയുടെ ഭാവി സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതായി യുഎൻ വിലയിരുത്തി. ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ, അമേരിക്കയുടെ ഈ ഇടപെടൽ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ആരോപിച്ചു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും എതിരായ ബലപ്രയോഗം അനുവദിക്കരുതെന്ന അന്താരാഷ്ട്ര തത്ത്വത്തിന്റെ ലംഘനമാണ് ഈ നടപടിയെന്ന് യുഎൻ ചൂണ്ടിക്കാട്ടി.
മഡുറോ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ഗുരുതരമാണെന്ന് യുഎൻ അംഗീകരിക്കുന്നുണ്ടെങ്കിലും, വിദേശ സൈനിക ഇടപെടൽ സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് നിരീക്ഷണം. യുഎസ് നീക്കം വെനസ്വേലയിൽ അധിക അസ്ഥിരതയ്ക്കും രാജ്യത്തിന്റെ സൈനികവൽക്കരണത്തിനും ഇടയാക്കുമെന്ന് യുഎൻ ആശങ്കപ്പെടുന്നു.
വെനസ്വേലയുടെ ഭാവി നിർണയിക്കേണ്ടത് അവിടത്തെ ജനങ്ങൾ തന്നെയാണെന്നും സ്വയംനിർണയാധികാരത്തിനും പരമാധികാരത്തിനും പൂർണ ബഹുമാനം നൽകണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. അമേരിക്കയുടെ ഈ അപ്രതീക്ഷിത നടപടി ലോകവ്യാപകമായി വൻ നയതന്ത്ര ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഈ വിഷയത്തിൽ വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.













