ചൈനയുടെ ആഗോള സ്വാധീനത്തെ ചെറുക്കാന്‍ ഇന്ത്യന്‍ പങ്ക് അമേരിക്ക വിലയിരുത്തുന്നു

ചൈനയുടെ ആഗോള സ്വാധീനത്തെ ചെറുക്കാന്‍ ഇന്ത്യന്‍ പങ്ക് അമേരിക്ക വിലയിരുത്തുന്നു

വാഷിംഗ്ടണ്‍: ആഗോള രംഗത്തുള്ള ചൈനീസ് സ്വാധീനം ചെറുക്കാന്‍ ഇന്ത്യന്‍ പങ്ക് എത്രമാത്രം ഗുണകരമാകുമെന്നു അമേരിക്ക വിലയിരുത്തുന്നു. ഇക്കാര്യം പരിശോധിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ ഹിയറിംഗുകളിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 17ന് ആദ്യ ഹിയറിംഗ് നടക്കും.

ഇന്‍ഡോ-പസഫിക് മേഖലയിലെ കരുത്തരെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടികള്‍ ഉണ്ടാവുകയും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ സൗഹാര്‍ദത്തിന്റെ ചില മാറ്റൊലികള്‍ ഉയരുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഹിയറിംഗിന് ഏറെ പ്രാധാന്യമുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതും, ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇന്ത്യ വരുത്തിയ ഇളവുകളും അമേരിക്ക സസൂക്ഷ്മമാണ് വിലയിരുത്തുന്നത്.
സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കമ്മീഷന്‍ അന്വേഷിക്കും. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ ശക്തമാകുന്നത് അമേരിക്കയുടെ സാമ്പത്തിക, ദേശീയ സുരക്ഷാ താല്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നും കമ്മീഷന്‍ ചര്‍ച്ച ചെയ്യും.

അടുത്ത ഏപ്രിലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഈ ഹിയറിംഗ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനീസ് അധിനിവേശം തടയാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് സഖ്യം ശക്തമാക്കാന്‍ 2022-ല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കമ്മീഷണര്‍മാരായ ഹാല്‍ ബ്രാന്‍ഡ്സ്, ജോനാഥന്‍ എന്‍. സ്‌റ്റൈവേഴ്സ് എന്നിവരാണ് ഹിയറിംഗിന് നേതൃത്വം നല്‍കുന്നത്.

US assesses India’s role in countering China’s global influence

Share Email
Top