രണ്ടും കൽപ്പിച്ച് യുഎസ് നടപടി; ലഹരിക്കടത്ത് ബോട്ടുകൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം, എട്ടു മരണം

രണ്ടും കൽപ്പിച്ച് യുഎസ് നടപടി; ലഹരിക്കടത്ത് ബോട്ടുകൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം, എട്ടു മരണം

വാഷിംഗ്ടൺ: അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഈ സൈനിക നടപടി, ലഹരിമാഫിയകൾക്കെതിരെയുള്ള യുഎസ് സതേൺ കമാൻഡിന്റെ നീക്കങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പുതുവത്സര ദിനത്തിലാണ് ഒടുവിലത്തെ ആക്രമണം നടന്നത്. ഭീകര സംഘടനകളുടെ നിയന്ത്രണത്തിലുള്ള രണ്ട് ബോട്ടുകൾ തകർത്തതായും ഇതിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു.

ഇതിന് തലേദിവസം, അതായത് ചൊവ്വാഴ്ച ലഹരിക്കടത്ത് സംഘത്തിന്റെ മൂന്ന് ബോട്ടുകൾ ഉൾപ്പെട്ട വ്യൂഹത്തിന് നേരെയും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിൽ ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ മറ്റ് രണ്ട് ബോട്ടുകളിലുണ്ടായിരുന്നവർ കടലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ കാണാതായവർക്കായി യുഎസ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രക്ഷപ്പെട്ടവരെ കണ്ടെത്താൻ സി-130 വിമാനങ്ങളും കടലിൽ ലൈഫ് റാഫ്റ്റുകളും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാക്കാൻ സജ്ജമാണെന്ന് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. എന്നാൽ എത്രപേരെ രക്ഷിക്കാനായി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഈ ആക്രമണങ്ങൾ നടന്ന കൃത്യമായ സ്ഥലം വെളിപ്പെടുത്താൻ സൈന്യം തയ്യാറായിട്ടില്ല. അന്താരാഷ്ട്ര സമുദ്രത്തിലാണ് നടപടി ഉണ്ടായതെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം. മേഖലയിൽ ലഹരിക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരുമെന്ന് അമേരിക്ക അറിയിച്ചു.

Share Email
Top