വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നാടകീയമായ അറസ്റ്റിന് പിന്നാലെ, വെനസ്വേലയിൽ സ്ഥിരമായ സാന്നിധ്യം ഉറപ്പിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ രഹസ്യനീക്കം തുടങ്ങുന്നു. ട്രംപ് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം വെനസ്വേലയുടെ ഭാവിയിൽ നിർണ്ണായക സ്വാധീനം ചെലുത്താനാണ് സിഐഎ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച പദ്ധതികൾക്ക് സിഐഎയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് രൂപം നൽകിയതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെനസ്വേലയിലെ നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, തുടക്കത്തിൽ സിഐഎയ്ക്കായിരിക്കും അവിടെ കൂടുതൽ ചുമതലകൾ നൽകുക. നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനാണെങ്കിലും, രാഷ്ട്രീയ മാറ്റത്തിന്റെ ഈ നിർണ്ണായക ഘട്ടത്തിൽ സ്വാധീനം ഉറപ്പിക്കാൻ ട്രംപ് ഭരണകൂടം സിഐഎയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. “സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പതാക നാട്ടുന്നുണ്ടാകാം, എന്നാൽ യഥാർത്ഥ സ്വാധീനം സിഐഎയുടേതാണ്” എന്നാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
ഔദ്യോഗികമായി എംബസി തുറക്കുന്നതിന് മുൻപ് തന്നെ ഒരു ‘സിഐഎ അനെക്സ്’ വഴി പ്രവർത്തനങ്ങൾ തുടങ്ങാനാണ് യുഎസ് നീക്കം. ഇതിലൂടെ വെനസ്വേലൻ സർക്കാരിലെ വിവിധ വിഭാഗങ്ങളുമായും പ്രതിപക്ഷ നേതാക്കളുമായും അനൗദ്യോഗിക ചർച്ചകൾ നടത്താനും പ്രാദേശിക തലത്തിൽ ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കുമെന്ന് അമേരിക്ക കരുതുന്നു. ഉക്രെയ്നിൽ നേരത്തെ സിഐഎ നടത്തിയതിന് സമാനമായ ഇടപെടലുകളായിരിക്കും വെനസ്വേലയിലും ഉണ്ടാവുകയെന്നാണ് സൂചന.













