വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ റദ്ദാക്കിയത് ഒരുലക്ഷത്തോളം വീസകള്‍. വിസാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് ഇത്തരത്തില്‍ വീസകള്‍ റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. 2025ല്‍ റദ്ദാക്കിയ ഒരുലക്ഷം വീസയില്‍ 8,000 സ്റ്റുഡന്റ് വീസകളും ഉള്‍പ്പെടുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
അമേരിക്കയിലെത്തിയ ശേഷം ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുകയും നിയമപാലകരുമായി ഏറ്റുമുട്ടലുകള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്നും അമേരിക്കയെ സുരക്ഷിതമാക്കാന്‍ ഇത്തരത്തിലുള്ള നാടുകടത്തല്‍ തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. 8,000 വിദ്യാര്‍ത്ഥി വിസകളും 2,500 സ്‌പെഷ്യലൈസ്ഡ് വിസകളും ഉള്‍പ്പെടെയാണ് 100,000-ത്തിലധികം വിസകള്‍ റദ്ദാക്കിയത്.
ആക്രമണം, മോഷണം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായവരോ ശിക്ഷിക്കപ്പെട്ടവരോ ആയ ആയിരക്കണക്കിന് വിദേശ പൗരന്മാരുടെ റദ്ദാക്കിയ വിസകളും ഇതില്‍ ഉള്‍പ്പെടുന്നന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട പറഞ്ഞു. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്,025 ല്‍ റദ്ദാക്കിയ വിസകളുടെ എണ്ണം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്റെ അവസാന വര്‍ഷമായ 2024 ല്‍ റദ്ദാക്കിയ 40,000 വിസകളുടെ ഇരട്ടിയിലധികമാണ്.
2025 ല്‍ റദ്ദാക്കിയ വിസകളില്‍ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞിട്ടും താമസിച്ച ബിസിനസ് , ടൂറിസ്റ്റ് യാത്രക്കാരുടേതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്ന് കൈവശം വച്ചതിനും വിതരണം ചെയ്തതിനും ഏകദേശം 500 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കിയതായും കുട്ടികളെ ദുരുപയോഗം ചെയ്ത കേസില്‍ പിടിയിലായ നിരവധിപ്പേരുടെ വീസകളും റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പൊതു സുരക്ഷയ്ക്കോ ദേശീയ സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന വിദേശ പൗരന്മാരില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.
US Revoked Over 1,00,000 Visas In 2025, Including 8,000 Student Permits











