വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടി; സ്കൂൾതല വിജയികൾക്ക് 5 ലക്ഷം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മന്ത്രി വി. ശിവൻകുട്ടി

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടി; സ്കൂൾതല വിജയികൾക്ക് 5 ലക്ഷം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. വിദ്യാഭ്യാസ ഉദ്യോഗസ്ഥരായ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ആർ.ഡി.ഡി, വി.എച്ച്.എസ്.ഇ എ.ഡി, എസ്.എസ്.കെ- ഡി.പി.സി എന്നിവരുടെ തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ഐ.എ.എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ജനുവരി 5 മുതൽ ഉത്തരക്കടലാസുകൾ വിതരണം ചെയ്ത്‌ ക്ലാസ് പി.ടി.എ യോഗങ്ങൾ ചേർന്ന് രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ നടപ്പിലാക്കിയ ‘സബ്ജക്റ്റ് മിനിമം’ (30% മാർക്ക്) പദ്ധതി കുട്ടികൾക്ക് നീതിയുക്തമായി ഗുണം ചെയ്തോ എന്ന് വിലയിരുത്തണം. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസ് മാതൃകയിൽ പ്രത്യേക ക്ലാസ്സുകൾ നൽകണം. കുട്ടികളുടെ സ്കോറുകൾ ‘സമഗ്ര പ്ലസ്’ പോർട്ടലിൽ രേഖപ്പെടുത്തി, താഴ്ന്ന ഗ്രേഡ് നേടിയവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.

എസ്.ടി വിദ്യാർത്ഥികൾക്കുള്ള ‘എൻറിച്ച്‌മെന്റ് പ്രോഗ്രാം’, അതിഥി തൊഴിലാളികളുടെ കുട്ടികൾക്കുള്ള വോളൻ്റിയർ ക്ലാസ്സുകൾ എന്നിവയുടെ പുരോഗതി ഉറപ്പാക്കണം. കുട്ടികളിൽ മൂല്യബോധം, സഹിഷ്ണുത, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ‘സ്നേഹം’ എന്ന പുതിയ പദ്ധതി നടപ്പിലാക്കും. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്’ ജനുവരി 12 മുതൽ ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വെവ്വേറെയായാണ് മത്സരം.

സ്കൂൾ തല സമ്മാനങ്ങൾ: ഒന്നാം സമ്മാനം: 5 ലക്ഷം രൂപ, രണ്ടാം സമ്മാനം: 3 ലക്ഷം രൂപ, മൂന്നാം സമ്മാനം: 2 ലക്ഷം രൂപ. കോളേജ് തല സമ്മാനങ്ങൾ: ഒന്നാം സമ്മാനം: 3 ലക്ഷം രൂപ, രണ്ടാം സമ്മാനം: 2 ലക്ഷം രൂപ, മൂന്നാം സമ്മാനം: 1 ലക്ഷം രൂപ. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. സ്കൂൾ, കോളേജ് തലങ്ങളിൽ തുടങ്ങി സംസ്ഥാന തല ഗ്രാൻഡ് ഫിനാലെ വരെ നീളുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ഇത് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും പിന്തുണ നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു

Share Email
LATEST
More Articles
Top