ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിൽ വിവിധ പ്രസ്താവനകളുടെ പേരിൽ വിവാദങ്ങൾ പുകയുന്നതിനിടെ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചയോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ബിജെപി സംസ്ഥാന നേതാക്കളും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മലപ്പുറം ജില്ലയുമായും മുസ്ലീം ലീഗുമായും ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ നേതാവിന്റെ ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുമ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാനും ഒപ്പം നിർത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി വെള്ളാപ്പള്ളിയെ പ്രതിരോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ ഔദ്യോഗിക സന്ദർശനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സമുദായ നേതാക്കളെ കൂടെ നിർത്താനുള്ള എൻ.ഡി.എ നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് നിലവിൽ എൻ.ഡി.എ ഘടകകക്ഷിയാണെങ്കിലും വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും അടുത്ത ബന്ധമാണ് പുലർത്തിപ്പോരുന്നത്. ഈ സാഹചര്യത്തിൽ ബിജെപി നേതാക്കളുടെ സന്ദർശനം മുന്നണി സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
#













