കാർക്കാസ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ അമേരിക്ക സമ്മർദ്ദം ശക്തമാക്കുന്നതിനിടയിൽ, കഴിഞ്ഞ മാസങ്ങളിലായി അഞ്ച് അമേരിക്കൻ പൗരന്മാരെ വെനിസ്വേലൻ സുരക്ഷാ സേന തടങ്കലിലാക്കിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്. പിടിയിലായവരിൽ ചിലർ ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാം എന്ന് സൂചനയുണ്ടെങ്കിലും, അമേരിക്കൻ പൗരന്മാരെ തടങ്കലിലാക്കുന്നത് വെനിസ്വേല ഒരു രാഷ്ട്രീയ ആയുധമാക്കുകയാണെന്നാണ് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നത്. അമേരിക്കയുടെ ഉപരോധങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമെതിരെ സമ്മർദ്ദം ചെലുത്താനാണ് മഡുറോ ഭരണകൂടം ഇത് ചെയ്യുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
അടുത്തിടെ ലഹരിക്കടത്ത് ബോട്ടുകൾക്ക് നേരെയുള്ള ആക്രമണം, വെനിസ്വേലൻ തുറമുഖത്തിന് നേരെ സിഐഎ നടത്തിയ നീക്കം, എണ്ണക്കപ്പലുകൾ തടഞ്ഞുകൊണ്ടുള്ള ഉപരോധം എന്നിവയിലൂടെ അമേരിക്ക മഡുറോയെ പ്രതിരോധത്തിലാക്കിയിരുന്നു. റഷ്യ തങ്ങളുടെ തടങ്കലിലുള്ള അമേരിക്കൻ പൗരന്മാരെ നയതന്ത്ര ചർച്ചകളിൽ വിലപേശലിനായി ഉപയോഗിക്കുന്ന അതേ തന്ത്രമാണ് ഇപ്പോൾ വെനിസ്വേലയും പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. വെനിസ്വേലയുടെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ.
മഡുറോയുടെ ഭരണം നിയമവിരുദ്ധമാണെന്നും അദ്ദേഹം ഒരു ലഹരിക്കടത്തുകാരനാണെന്നും അമേരിക്കൻ ഭരണകൂടം പരസ്യമായി കുറ്റപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി ‘ഭരണമാറ്റം’ ലക്ഷ്യമിടുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും, കനത്ത സാമ്പത്തിക-സൈനിക ഉപരോധങ്ങളിലൂടെ മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് അമേരിക്കയുടെ ശ്രമം.
അതേസമയം, പൗരന്മാരെ തടങ്കലിലാക്കിയ സംഭവത്തിൽ അമേരിക്കൻ വിദേശകാര്യ മന്ത്രാലയമോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.













