ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് വിജിലൻസ് നോട്ടീസ് അയച്ചു. ജനുവരി 16-ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ചിന്നക്കനാലിലെ റിസോർട്ടിനോട് ചേർന്ന് 50 സെന്റോളം സർക്കാർ ഭൂമി കയ്യേറി മതിൽ നിർമ്മിച്ചുവെന്നും, ഭൂമി രജിസ്ട്രേഷൻ സമയത്ത് നികുതി വെട്ടിക്കാൻ വസ്തുവകകളുടെ വില കുറച്ചു കാണിച്ചുവെന്നുമാണ് വിജിലൻസ് നിലവിൽ അന്വേഷിക്കുന്നത്.
ഈ ഭൂമി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മാത്യു കുഴൽനാടൻ പതിനാറാം പ്രതിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനൊപ്പം, സമാനമായ പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം നടത്തുന്നുണ്ട്. സർക്കാരിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.













