വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡിന് അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹമില്ലെന്നു ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്‌ഫ്രെഡറിക് നീല്‍സണ്‍. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനു മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വില്‍പ്പനയ്ക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍ ഡെണ്‍മാര്‍ക്കുമായി ഐക്യത്തിലാണെന്നും നാറ്റോ സഖ്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് അമേരിക്കക്കാരാകാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ക്ക് ഡാനിഷ് ആകാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡുകാരാകാന്‍ ആഗ്രഹമുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ഭാവി തീരുമാനിക്കുന്നത് ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളാണെന്നുംഅദ്ദേഹം പറഞ്ഞു.
അതിനിടെ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ സമ്മര്‍ദ്ദവും ഭീഷണികളും ഗൗരവമുള്ളതാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ വിശേഷിപ്പിച്ചു. വരാനിരിക്കുന്നത് ഏറ്റവും ദുഷ്‌കരമായ സമയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അമേരിക്കന്‍ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്ന വാദമാണ് ട്രംപ് മുന്നോട്ടുവെച്ചത്. തന്ത്രപരമായ സ്ഥാനം, ധാതുസമ്പത്ത്, ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം എന്നിവ കാരണം ഗ്രീന്‍ലാന്‍ഡ് യുഎസിന് നിര്‍ണായകമാണെന്നാണ് ട്രംപിന്റെ അവകാശവാദം.
We don’t want to be part of the US: Greenland Prime Minister Nielsen responds to Trump










