മിനിയാപൊളിസ് വെടിവെപ്പ്: ആരായിരുന്നു കൊല്ലപ്പെട്ട അലക്സ് പ്രെറ്റി? നഴ്സിനെ വെടിവെച്ചുകൊന്നതിൽ വ്യാപക പ്രതിഷേധം

മിനിയാപൊളിസ് വെടിവെപ്പ്: ആരായിരുന്നു കൊല്ലപ്പെട്ട അലക്സ് പ്രെറ്റി? നഴ്സിനെ വെടിവെച്ചുകൊന്നതിൽ വ്യാപക പ്രതിഷേധം

അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട 37-കാരനായ അലക്സ് ജെഫ്രി പ്രെറ്റിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിനിയാപൊളിസിലെ വെറ്ററൻസ് അഫയേഴ്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗം (ICU) നഴ്സായി ജോലി ചെയ്തിരുന്ന ഇയാൾ ഒരു അമേരിക്കൻ പൗരനാണ്. സമാധാനപ്രിയനായ ഒരു ആരോഗ്യപ്രവർത്തകനെന്ന നിലയിലാണ് സഹപ്രവർത്തകരും അയൽവാസികളും ഇയാളെ വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷൻ നടപടികൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം.

പ്രെറ്റി തോക്കുമായി തങ്ങളെ ആക്രമിക്കാൻ വന്നപ്പോഴാണ് വെടിവെച്ചതെന്ന ഫെഡറൽ ഏജന്റുമാരുടെ വാദത്തെ ചോദ്യം ചെയ്ത് മിനസോട്ട ഗവർണർ ടിം വാൽസും മറ്റ് ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ പ്രെറ്റിയുടെ കയ്യിൽ തോക്കിന് പകരം മൊബൈൽ ഫോൺ മാത്രമാണ് കാണുന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏജന്റുമാർ ഇയാളെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും വെടിവെച്ചതെന്നും ദൃക്സാക്ഷികളും വീഡിയോകളും സൂചിപ്പിക്കുന്നു.

പ്രെറ്റിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും നിയമപരമായി തോക്ക് കൈവശം വെക്കാൻ അനുമതിയുള്ള ആളായിരുന്നുവെന്നും മിനിയാപൊളിസ് പോലീസ് ചീഫ് വ്യക്തമാക്കി.

ഇമിഗ്രേഷൻ വിഭാഗത്തിന്റെ ക്രൂരമായ നടപടിക്കെതിരെ നഗരത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ സംസ്ഥാന ഏജൻസികൾ തന്നെ അന്വേഷണം നടത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു. അമേരിക്കയിലെ നഴ്സിംഗ് സമൂഹവും പ്രെറ്റിയുടെ മരണത്തിൽ അനുശോചനവും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്.

Share Email
LATEST
More Articles
Top