വേള്‍ഡ് മലയാളി കൗണ്‍സില്‍ രണ്ടാം ഘട്ട ഭവന പദ്ധതി വേഗം യാഥാര്‍ത്ഥ്യമാവട്ടെയെന്ന് എസ്.കെ ചെറിയാന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ രണ്ടാം ഘട്ട ഭവന പദ്ധതി വേഗം യാഥാര്‍ത്ഥ്യമാവട്ടെയെന്ന് എസ്.കെ ചെറിയാന്‍

എ.എസ് ശ്രീകുമാര്‍

ചങ്ങനാശേരി: ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍, തിരുക്കൊച്ചി പ്രോവിന്‍സിന്റെ പരിധിയില്‍ വരുന്ന പാലാ ചാപ്റ്ററിന്റെ കടപ്ലാമറ്റത്തുള്ള ‘ഗ്രീന്‍ വില്ലേജി’ലെ രണ്ടാം ഘട്ട ഭവന നിര്‍മാണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍ പറഞ്ഞു.

ചങ്ങനാശേരി തണുങ്ങാട്ടില്‍ ടവേഴ്‌സില്‍ നടന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ ഭവന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി വരുന്ന ഏപ്രിലില്‍ ഹൂസ്റ്റണില്‍ ധനശേഖരണ യജ്ഞം നടത്തുമെന്ന് എസ്.കെ ചെറിയാന്‍ പറഞ്ഞു. പ്രോജക്ട് സൈറ്റ് ഉള്‍പ്പെടുന്ന പാലാ ചാപ്റ്ററിന് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതാനും ദിവസം മുമ്പ് സൈറ്റിലെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സി.യു മത്തായി, എസ്.കെ ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. പാലാ കടപ്ലാമറ്റത്തുള്ള ഒരേക്കര്‍ സ്ഥലത്താണ് നിര്‍ധനര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയാക്കുക. 4 സെന്റ് സ്ഥലത്ത് വിഭാവനം ചെയ്ത 25 വീടുകളില്‍ 11 എണ്ണം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ബാക്കി വീടുകളുടെ നിര്‍മാണം കൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിലവില്‍ ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട് ഉള്‍പ്പെടെയുള്ളവയുടെ താക്കോല്‍ ദാനം നിര്‍വഹിക്കും.

യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയണ്‍ വൈസ് പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്, തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം അബ്ദുള്ള ഖാന്‍, തിരുക്കൊച്ചി പ്രോവിന്‍സ് ചെയര്‍മാന്‍ കെ.ആര്‍ രവീന്ദ്രന്‍, പാലാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ബഷീര്‍ തേനമ്മാക്കല്‍, പാലാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബെന്നി മൈലാടൂര്‍, ചങ്ങനാശേരി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. വിമല്‍ ചന്ദ്രന്‍, ചങ്ങനാശേരി ചാപ്റ്റര്‍ ട്രഷറര്‍ കുഞ്ഞുമോന്‍ തൂമ്പുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

World Malayalee Council Green Village housing project should finish timely says S.K Cherian

Share Email
LATEST
More Articles
Top