ടെക്‌സസ്: നഴ്‌സിംഗ് രംഗത്ത് ദീര്‍ഘകാലമായി നല്‍കിയ സമര്‍പ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന് സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ നടന്നു.
ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റിയുടെ അഭിമാനമായ മുന്‍ IANAGH പ്രസിഡന്റ് മറിയാമ്മ തോമസിനെയും, മുന്‍ IANAGH പ്രസിഡന്റും MAGH പ്രസിഡന്റുമായ മേരി തോമസിനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.നഴ്‌സിംഗ് രംഗത്തെ മഹത്തായ സാന്നിധ്യമായ മറിയാമ്മ തോമസ് രോഗി പരിചരണത്തിലും നേതൃത്വത്തിലും നല്‍കിയ ഉന്നതമായ സംഭാവനകളാണ് ഈ ആദരത്തിന് അര്‍ഹയാക്കിയത്.
നഴ്‌സിംഗ് സേവനങ്ങള്‍ക്ക് പുറമെ പാലിയേറ്റീവ് കെയര്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ആരോഗ്യ രംഗത്ത് മേരി തോമസ് നല്‍കിയ സമഗ്ര സംഭാവനകളും ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സിംഗ് സമൂഹത്തിന്റെ സേവന പാരമ്പര്യവും ആരോഗ്യ രംഗത്തെ നിര്‍ണ്ണായക പങ്കും എടുത്തുപറഞ്ഞു. നഴ്‌സുമാരുടെ അര്‍പ്പണബോധവും മാനവിക മൂല്യങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ അഡ്വ. ലാല്‍ അബ്രഹാം, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂ, മിസ്സൂരി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി പൊലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറ, IANAGH പ്രസിഡന്റ് ബിജു ഇട്ടന്‍, MAGH പ്രസിഡന്റ് റോയ് മാത്യൂ, WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഡോ. ഷിബു സാമുവല്‍, പ്രസിഡന്റ് ബ്ലെസണ്‍ മണ്ണില്‍, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി പീറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍, നഴ്‌സിംഗ് സംഘടനാ നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നഴ്‌സിംഗ് മേഖലയെ ആദരിക്കുന്ന ഈ ചടങ്ങ് ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റിക്ക് അഭിമാന നിമിഷമായി മാറി.
World Malayali Council honors dedication and community service in nursing













